കാലാവസ്ഥാ - സമുദ്രപഠന നിരീക്ഷണ ഉപഗ്രഹമായ സ്‌കാറ്റ്‌സാറ്റ്-1 ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി35 കുതിച്ചുയര്‍ന്നു

പിഎസ്എല്‍വി സി 35 ഇന്ത്യന്‍ ബഹിരാകാശ മേഖലയെ പുതിയ കുതിപ്പിന് സഹായിക്കുന്ന പിഎസ്എല്‍വി സി 35 വിക്ഷേപിച്ചു. ഇന്നു രാവിലെ 9.12നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്നാണ് വിക്ഷേപിച്ചത്. കാലാവസ്ഥാ - സമുദ്രപഠന നിരീക്ഷണ ഉപഗ്രഹമായ സ്‌കാറ്റ്‌സാറ്റ്-1 ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി സി 35 ചരിത്രദൗത്യത്തിന് കുതിച്ചുയര്‍ന്നത്. ആദ്യമായാണ് ഒരേ ദൗത്യത്തില്‍ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. പിഎസ്എല്‍വിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യവുമാണിത് - രണ്ടു മണിക്കൂര്‍ 15 മിനിറ്റ്.
വിക്ഷേപിച്ചു 17 മിനിറ്റും 32 സെക്കന്‍ഡും പിന്നിടുമ്പോള്‍ സ്‌കാറ്റ്‌സാറ്റ് ഒന്നിനെ 730 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കും. പിന്നീട്, പിഎസ്എല്‍വി രണ്ടുതവണ പ്രവര്‍ത്തനം നിര്‍ത്തുകയും വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യും. പ്രവര്‍ത്തനം നിര്‍ത്തിയശേഷം എന്‍ജിന്‍ വീണ്ടും ജ്വലിപ്പിക്കുകയെന്നത് അതീവ സങ്കീര്‍ണമായ പ്രക്രിയയാണ്. തുടര്‍ന്നു മറ്റ് ഏഴ് ഉപഗ്രഹങ്ങളെയും 689 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതോടെ ദൗത്യം പൂര്‍ത്തിയാകും.
അല്‍ജീരിയ (മൂന്ന്), യുഎസ് (ഒന്ന്), കാനഡ (ഒന്ന്) എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഐഐടി ബോംബെയുടെ പ്രഥം, ബെംഗളൂരുവിലെ സ്വകാര്യ സര്‍വകലാശാലയായ പിഇഎസിന്റെ പിസാറ്റ് എന്നീ ഉപഗ്രഹങ്ങളും ഈ ദൗത്യത്തില്‍ പിഎസ്എല്‍വി സി 35 വഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























