അഴിമതിക്കേസില്‍ അറസ്റ്റിലായ കോര്‍പ്പറേറ്റ് മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനും മകനും ആത്മഹത്യ ചെയ്ത നിലയില്‍

അഴിമതികേസില്‍ ഉള്‍പ്പെട്ട കോര്‍പറേറ്റ് മന്ത്രാലയ മുന്‍ ഉദ്യോഗസ്ഥന്‍ ബി.കെ ബന്‍സാലും മകനും ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെ ഇരുവരെയും കിഴക്കന്‍ ഡല്‍ഹിയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ ആയ ബന്‍സാലിനെ അഴിമതി കേസില്‍ സി.ബി.ഐ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ബന്‍സാലിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഭാര്യ സത്യബാല ബന്‍സാലും(58) മകള്‍ നേഹയും(27) ആത്മഹത്യ ചെയ്തിരുന്നു. ജൂലൈ 19 ന് ഇവരെ ഡല്‍ഹിയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സി.ബി.ഐ. വീട് റെയ്ഡ് ചെയ്തതിലും ഭര്‍ത്താവിന്റെ അറസ്റ്റിലും മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സൂചിപ്പിച്ച രണ്ട് ആത്മഹത്യാക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തിരുന്നു.
ഒരു പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെ കേസില്‍ നിന്ന് ഒഴിവാക്കാനായി 9 ലക്ഷം രൂപ കോഴ വാങ്ങിയ കേസിലാണ് ബന്‍സാല്‍ അറസ്റ്റിലായത്.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെയുള്ള അനധികൃത ഇടപാട് കേസില്‍ നിന്നൊഴിവാക്കാനായി 20 ലക്ഷം രൂപ ബന്‍സാല്‍ ആവശ്യപ്പെട്ടിരുന്നതായാണ് സി.ബി.ഐ കണ്ടെത്തിയത്. തുടര്‍ന്ന് സി.ബി.ഐ ജൂലൈ 16 ന് എട്ടുകേന്ദ്രങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡില്‍ ബന്‍സാലിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 25 കാരനായ മകനെ സി.ബി.ഐ ചോദ്യംചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























