തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ 9 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

തമിഴ്‌നാട് തിരുച്ചംകോട് സ്വദേശിയെ തട്ടിക്കൊണ്ടുവന്ന് ശേഷം കൊന്ന് ചാലക്കുടിപ്പുഴയില്‍ തള്ളിയ കേസില്‍ 9 പ്രതികളെ ജീവപര്യന്തം തടവിന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. പ്രതികളെല്ലാം തമിഴ്‌നാട്ടുകാരാണ്. തിരുച്ചംകോട് സ്വദേശിയും തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനുമായ ഷണ്‍മുഖനാണ് കൊല്ലപ്പെട്ടത്.
2004 ഡിസംബറിലാണ് സംഭവം. തിരുച്ചംകോട് മുന്‍സിപ്പല്‍ കൗണ്‍സിലറെ കൊന്നകേസിലെ ഏക ദൃക്‌സാക്ഷിയായിരുന്നു ഷണ്‍മുഖന്‍. കോടതിയില്‍ സാക്ഷി മൊഴി നല്‍കാതിരിക്കാനായി 10 പ്രതികള്‍ ചേര്‍ന്ന് ഷണ്‍മുഖനെ തട്ടിക്കൊണ്ടുവരുകയായിരുന്നു. തുടര്‍ന്ന് ചാലക്കുടിപ്പുഴയുടെ സമീപത്തെത്തിച്ച ശേഷം കഴുത്ത് ഞെരിച്ചും വെട്ടിയും കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്നാണ് കേസ്. 9 പ്രതികള്‍ക്കും വിവിധ വകുപ്പുകളിലായാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
https://www.facebook.com/Malayalivartha


























