ബീഹാര്‍ കൂടി ഏറ്റെടുക്കുമെങ്കില്‍ കാശ്മീര്‍ പാക്കിസ്ഥാനു വിട്ടുനല്‍കാം, കാട്ജുവിന്റെ വിവാദ പ്രസ്താവനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു

ബീഹാര്‍ കൂടി ഏറ്റെടുക്കുമെങ്കില്‍ കാശ്മീര്‍ പാക്കിസ്ഥാനു വിട്ടുനല്‍കാമെന്ന് പറഞ്ഞ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കാട്ജുവിനെതിരെ രാജ്യദ്രോഹത്തിനു കേസെടുത്തു. ഫെയ്‌സ്ബുക്കില്‍ കൂടിയാണ് കാട്ജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ബീഹാറിലെ ജെഡിയു എംഎല്‍സി നീരജ് കുമാര്‍ നല്‍കിയ പരാതിയിലാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കട്ജുവിന്റെ പരാമര്‍ശത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപലപിച്ചിരുന്നു. കാട്ജു ബീഹാറിന്റെ രക്ഷാധികാരി ചമയാനാണു ശ്രമിക്കുന്നതെന്നു നിതീഷ് കുമാര്‍ കളിയാക്കി.
കാട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു നടപടി ആവശ്യപ്പെട്ട് അരവിന്ദ്കുമാര്‍ എന്ന അഭിഭാഷകന്‍ പാട്‌ന ജില്ലാക്കോടതിയെയും ഇതിനകം സമീപിച്ചിട്ടുണ്ട്. എതിര്‍പ്പു രൂക്ഷമായപ്പോള്‍ കഴിഞ്ഞദിവസം 'ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ' എന്ന വിശദീകരണത്തോടെ കാട്ജു തടിതപ്പാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ നേതാക്കള്‍ നിലപാടു കടുപ്പിച്ചപ്പോള്‍ ഇന്നലെ കാട്ജു പരിഹാസത്തെ പരിഹാസം കൊണ്ടു നേരിട്ടു. 'ബീഹാറുകാര്‍ എനിക്കെതിരെ പരാതിയുമായി ഇനി ഐക്യരാഷ്ട്ര സംഘടനയെയും സമീപിക്കുമെന്നാണു തോന്നുന്നത്. ഞാന്‍ ബീഹാറിന്റെ രക്ഷാധികാരിയല്ല, ശകുനി അമ്മാവനാണ്' സുപ്രീം കോടതി മുന്‍ജഡ്ജി തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha


























