സുപ്രീം കോടതി വിധി കര്‍ണാടകയ്ക്കുള്ള മരണവാറണ്ട്, കാവേരി നദീജല പ്രശ്‌നത്തില്‍ എച്ച്.ഡി ദേവഗൗഡ നിരാഹാര സമരം തുടങ്ങി

കാവേരി നദീജല തര്‍ക്കപ്രശ്നത്തില്‍ കര്‍ണാടകയോട് അനീതി കാണിക്കുന്നുവെന്ന് കാണിച്ച് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.(സെക്യുലര്‍) അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ നിരാഹാര സമരം തുടങ്ങി. കര്‍ണാടക വിധാന്‍ സൗധയിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലാണ് സമരം. പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഗൗഡ ആവശ്യപ്പെട്ടു. രാവിലെ വിധാന്‍ സൗധയിലെ ബി.ആര്‍ അംബേദ്കര്‍ പ്രതിമയിലും ഗാന്ധിജിയുടെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഗൗഡ സമരത്തിലേക്ക് കടന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി സഹമന്ത്രിമാരുമായി ചര്‍ച്ച നടത്തിയെന്നറിയുന്നു. പ്രശ്നത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല. തമിഴ്നാടിനോട് എന്തെങ്കിലും അനീതി ചെയ്യണമെന്ന് ആഗ്രഹിക്കുന്നില്ല. കര്‍ണാടകയ്ക്ക് കുടിയ്ക്കാന്‍പോലും വെള്ളമില്ലെങ്കിലും തമിഴ്നാടിന് വിട്ടുനല്‍കാന്‍ തയ്യാറാണ്. എന്നാല്‍ അതിനു മുന്‍പ് ഒരു വിദഗ്ധ സംഘം രണ്ടു സംസ്ഥാനങ്ങളിലെയു ജലസംഭരണികളില്‍ പരിശോധന നടത്തണം. യഥാര്‍ത്ഥ ചിത്രം ബോധ്യപ്പെടുകയാണ് ആദ്യം വേണ്ടതെന്നും ഗൗഡ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി വിധി കര്‍ണാടകയ്ക്കുള്ള മരണവാറന്റാണ്. എന്നാല്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നു തന്നെയാണ് തനിക്ക് പറയാനുള്ളതെന്നും ഗൗഡ അറിയിച്ചു. അതേസമയം, കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും. തമിഴ്നാടിന് 6000 ക്യൂസെക്സ് ജലം ഉടന്‍ വിട്ടുനല്‍കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിന്റേയും ഇന്നലെ കോടതിയില്‍ നിന്നേറ്റ വിമര്‍ശനത്തിന്റേയും പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
ഇരുസഭകളിലേയും കക്ഷി നേതാക്കളുടെയും എം.പിമാരുടെയും കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും കാവേരി നദീതട മേഖലയില്‍ നിന്നുള്ള സംസ്ഥാന മന്ത്രിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























