ബാരാമുള്ളയില്‍ വീണ്ടും സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം, ബിഎസ്എഫ് ജവാന്‍ വീരമൃത്യുവരിച്ചു, വിദ്വേഷ സന്ദേശവുമായി പറന്നെത്തിയ പ്രാവിനെ അതിര്‍ത്തി രക്ഷാസേന പിടികൂടി

ക്യാംപിനു സമീപമുള്ള പാര്‍ക്കിലൂടെ സൈനിക ക്യാംപിനുള്ളില്‍ കയറാനായിരുന്നു ഭീകരരുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. ക്യാംപിന്റെ ഇരുവശത്തുനിന്നും ഗ്രനേഡ് എറിഞ്ഞായിരുന്നു ആക്രമണം. എന്നാല്‍, സര്‍വസജ്ജരായിരുന്ന സൈനികര്‍ ഉടന്‍ തിരിച്ചടിക്കുകയും ഭീകരര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ത്സലം നദീ ഭാഗത്തുനിന്നാണ് ഭീകരര്‍ എത്തിയത് എന്നാണ് കരുതുന്നത്. എന്നാല്‍, ഭീകരര്‍ക്ക് സൈന്യത്തിന്റെ സുരക്ഷാ വലയം തകര്‍ക്കാന്‍ സാധിച്ചില്ല. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ജവാന്‍മാരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് ഒരു ജവാന്‍ വീരമൃത്യുവരിച്ചത്. സൈനിക ക്യാംപിനു സമീപമുള്ള വീടുകളില്‍ നിന്നും വെടിവയ്പ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വലിയ സ്‌ഫോടനത്തിന്റെ ശബ്ദവും വെടിവയ്പ്പിന്റെ ശബ്ദവുമാണ് കേട്ടതെന്ന് പ്രദേശവാസി പറഞ്ഞു.
ഉത്തര കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാംപിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ കോണ്‍സ്റ്റബിള്‍ നിതിന്‍ ആണ് വീരമൃത്യുവരിച്ച ജവാന്‍. ഇരുവരും ബിഎസ്എഫിന്റെ 40 ബറ്റാലിയനിലാണ് ജോലി ചെയ്തിരുന്നത്. രണ്ടു ഭീകരരെ വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ഭീകരര്‍ ആറുപേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. രാത്രി 10.30നാണ് ആക്രമണമുണ്ടായത്. 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രാഷ്ട്രീയ റൈഫിള്‍സിന് പുറമെ ബിഎസ്എഫും ഈ കേന്ദ്രമാണ് ഉപയോഗിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് സൈന്യത്തിന്റെ വടക്കന്‍ കമാന്‍ഡന്റ് അറിയിച്ചു.
ബിഎസ്എഫ് മേധാവി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. വിദ്വേഷ സന്ദേശവുമായി അതിര്‍ത്തിക്കപ്പുറത്തുനിന്നു പറന്നെത്തിയ പ്രാവിനെ അതിര്‍ത്തി രക്ഷാസേന പിടികൂടി. പാക്ക് അതിര്‍ത്തിയിലുള്ള ബമിയാലില്‍നിന്നാണു പ്രാവിനെ കിട്ടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ഉറുദു ഭാഷയിലുള്ള കത്താണു പ്രാവിന്റെ കാലില്‍ കെട്ടിവച്ചിരുന്നത്.
'മോദി ജീ, 1971ലെ ആളുകളല്ല ഇന്നു ഞങ്ങള്‍. ഇന്ന് ഒരോ കുട്ടിയും ഇന്ത്യയോടു പൊരുതാന്‍ തയാറാണ്' എന്നാണു കത്തിലുള്ളത്. ഇതേ മേഖലയില്‍ ഇന്ത്യക്കെതിരെയുള്ള സന്ദേശങ്ങള്‍ എഴുതിയ രണ്ടു ബലൂണുകള്‍ ശനിയാഴ്ച കണ്ടെത്തിയിരുന്നു. ഇതിലും മോദിയെ സംബോധന ചെയ്തായിരുന്നു സന്ദേശം.
https://www.facebook.com/Malayalivartha


























