വീണ്ടും സൈനീക വിജയം, ഹന്ദ്വാരയില്‍ സൈനീക ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരരെ വധിച്ചു

കുപ്വാരയിലെ ഹന്ദ്വാരയിലുള്ള ലാന്‍ഗേറ്റ് സൈനിക ക്യാംപിനു നേര്‍ക്കു ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരരെയും സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ കുപ്വാരയിലെ ഹന്ദ്വാരയിലുള്ള 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപിലേക്കു പുലര്‍ച്ചെ അഞ്ച് മണിയോടെയാണു ഭീകരര്‍ വെടിയുതിര്‍ത്തത്. ലാന്‍ഗേറ്റ് സൈനിക ക്യാംപിനടുത്ത് രണ്ടു സെന്‍ട്രി പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. കുറച്ചുനേരത്തിനുശേഷം വെടിവയ്പ്പിനു ശമനം വന്നു. തുടര്‍ന്നു ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. പിന്നീടു പുലര്‍ച്ചെ ആറരയോടെ ഭീകരര്‍ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു.
അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷ സാധ്യത തുടരുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനപരമായി പാകിസ്താന്‍ സൈന്യം വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെ തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. സമ്‌നൂ ഗ്രാമത്തിലെ പൊലീസ് പിക്കറ്റില്‍ നിന്നും ഭീകരര്‍ അഞ്ച് സെല്‍ഫ് ലോഡിംഗ് റൈഫിളുകള്‍ തട്ടിയെടുത്തിരുന്നു. മൈനോറിറ്റി പൊലീസ് പോസ്റ്റിലെ റൈഫിളുകളാണ് നഷ്ടപ്പെട്ടത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. അഞ്ച് റൈഫിളുകള്‍ കൂടാതെ 10 മാഗ്‌സീനുകള്‍, 250 റൗണ്ട് വെടിയുണ്ടകള്‍ എന്നിവയും പിക്കറ്റിലെ ഗാര്‍ഡ് റൂമില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഉറി ഭീകരാക്രമണത്തിന് മറുപടിയായി പാക് അധീന കശ്മീരിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിരുന്നു.ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന് പിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബാരാമുള്ളയിലെ കഴിഞ്ഞ ദിവസത്തെ തീവ്രവാദി ആക്രമണത്തിന്റെ അലയൊലികള്‍ക്കിടയിലാണ് വീണ്ടും വെടിവെപ്പ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























