അതീവ ഗുരുതരാവസ്ഥയില്‍ ജയലളിതയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരും; കരളിനും ശ്വാസകോശത്തിനും പ്രശ്‌നം; വെന്റിലേറ്ററിലാണ്

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് അവരെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രിയില്‍നിന്നുള്ള വാര്‍ത്താ കുറിപ്പ്. ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറെക്കാലം തുടരേണ്ടിവരും. ശ്വാസ തടസം നേരിടുന്ന ജയലളിതയ്ക്ക് കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നത് തുടരാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി അപ്പോളോ ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുബ്ബയ്യ വിശ്വനാഥന്‍ വെളിപ്പെടുത്തി.
ജയലളിതയുടെ ചികിത്സാര്‍ഥം എത്തിയ എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രണ്ടു ദിവസം കൂടി അപ്പോളോയില്‍ തുടരുമെന്നും ഇന്നു വൈകിട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടെന്നും വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നു. ജയലളിതയുടെ ചികിത്സയ്ക്ക് മേല്‍നേട്ടം വഹിക്കുന്ന ലണ്ടന്‍ ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രിയിലെ ഡോ. റിച്ചാര്‍ഡ് ബീല്‍ ഇന്നും ജയലളിതയെ പരിശോധിച്ചു.
അതേസമയം, ചികില്‍സ രണ്ടാഴ്ച പിന്നിടുമ്പോഴും ജയയുടെ രോഗം എന്തെന്ന കാര്യത്തില്‍ ആശുപത്രിയോ സംസ്ഥാന സര്‍ക്കാരോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബര്‍ 22നു രാത്രിയാണു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവുമാണെന്നായിരുന്നു ആശുപത്രിയില്‍ നിന്നുള്ള ആദ്യ വിശദീകരണം.
https://www.facebook.com/Malayalivartha



























