കാശ്മീരില്‍ വീണ്ടും സംഘര്‍ഷം , പോലീസ് വെടിവയ്പില്‍ ഒരു കുട്ടി മരിച്ചു, താഴ്വരയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ജമ്മുകാശ്മീരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. താഴ്‌വരയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെ പോലീസ് നടത്തിയ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ 12 വയസുള്ള കുട്ടിമരിച്ചു. ഇതോടെ താഴ് വരയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സയിദ്‌പോര സ്വദേശിയായ ജുനൈദ് അഹമ്മദാണ് മരിച്ചത്. വീടിനു പുറത്തുനില്‍ക്കുമ്പോള്‍ കുട്ടിക്ക് വെടിവയ്പില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജുനൈദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സയിദ്‌പോരയില്‍ ഉണ്ടായ പ്രതിഷേധ പ്രകടനത്തിനു നേരെ പോലീസ് പെല്ലറ്റ് തോക്ക് ഉപയോഗിക്കുകയായിരുന്നു. ഈ സമയം വീടിന്റെ പ്രധാന കവാടത്തില്‍ നില്‍ക്കുകയായിരുന്ന ജുനൈദിന്റെ നെഞ്ചിലും തലയിലും ഒരു ഡസനിലേറെ പെല്ലറ്റുകള്‍ തുളച്ചുകയറി. ഗുരുതര പരിക്കേറ്റ കുട്ടിയെ ഷേര്‍ ഇ കാഷ്മീര്‍ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല.
ഇതോടെ നാട്ടുകാര്‍ സൈന്യത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. കുട്ടിയുടെ മൃതദേഹവുമായി നൂറുകണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ഈ പ്രതിഷേധത്തിനു നേര്‍ക്കും പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ പോലീസ് തടഞ്ഞതോടെ സംഘര്‍ഷം വീണ്ടും ശക്തമായി. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് പെല്ലറ്റ് തോക്ക് പ്രയോഗിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























