68 ദിവസം ഉപവാസമിരുന്ന 13കാരി മരിച്ചു

68 ദിവസം ഉപവാസമിരുന്ന 13 വയസുകാരി മരിച്ചു. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹൈദരാബാദ് സ്വദേശിനി ആരാധനയാണ് നാല് മാസം നീണ്ട ഉപവാസത്തിനൊടുവില്‍ മരിച്ചത്. ചൗമാസ എന്ന ഉപവാസം പൂര്‍ത്തിയാക്കി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആരാധന കുഴഞ്ഞ് വീഴുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് ആരാധന മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ആരാധനയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 600ലേറെ പേരാണ് എത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാലതപസ്വി എന്ന് വിശേഷിപ്പിക്കപ്പെട്ട ആരാധ്യയുടെ ശവസംസ്‌കാര ഘോഷയാത്രയെ ശോഭായാത്ര എന്നാണ് വിശേഷിപ്പിച്ചത്.
ഇതിന് മുന്‍പ് ആരാധന 41 ദിവസത്തെ ഉപവാസം അനുഷ്ഠിച്ചിരുന്നു. അന്ന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് ആരാധനയുടെ കുടംബാംഗങ്ങള്‍ പറഞ്ഞു. സെക്കന്തരാബാദിനടുത്ത് പോര്‍ട്ട്ബസാറില്‍ താമസിക്കുന്ന ആരാധനയുടെ കുടുംബം ജ്വല്ലറി നടത്തിപ്പുകാരാണ്. സ്‌കൂളില്‍ പോലും ഉപേക്ഷിച്ചാണ് ആരാധനയെ ഉപവാസമിരുത്തിയത്. വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ആരാധന ക്ഷീണിതയായി രഥത്തിലിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ തങ്ങളൊന്നും ഒളിച്ചുവക്കുന്നില്ലെന്നും ആരാധന നിരാഹാര വ്യതത്തിലായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും ആരാധനയുടെ മുത്തച്ഛന്‍ പറഞ്ഞു. അവളോടൊത്ത് ഫോട്ടോ എടുക്കാന്‍ പലരും വരാറുണ്ടായിരുന്നു. ഇപ്പോള്‍ അവള്‍ മരിച്ചപ്പോള്‍ മാത്രം തങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ആരാധനയുടെ മുത്തച്ഛന്‍ പറഞ്ഞു.
പ്രായമേറിയവര്‍ അനുഷ്ഠിച്ചുവരുന്ന ചടങ്ങാണ് ചൗമാസ ഉപവാസമെന്നും നിര്‍ബന്ധിച്ചോ ബലം പ്രയോഗിച്ചോ ഒരാളെ ഉപവാസത്തിനിരുത്തുന്നത് തെറ്റാണെന്നും ജൈനമത പുരോഹിതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























