തമിഴ്‌നാടിന് പുതിയ മുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി ഡിഎംകെ

മുഖ്യമന്ത്രി ജയലളിത അതീവഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ഡിഎംകെ രംഗത്ത്. സംസ്ഥാനത്തിന്റെ ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ പുതിയ മുഖ്യമന്ത്രിയെയോ കാവല്‍ മുഖ്യമന്ത്രിയെയോ നിയമിക്കണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞതെന്നും എന്നാല്‍, ഇപ്പോള്‍ അവര്‍ ഏറെക്കാലം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് പറയുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. കാവേരി പോലെ നിരവധി വിഷയങ്ങള്‍ സംസ്ഥാനം നേരിടുന്ന സാഹചര്യത്തിലാണിതെന്നും പുതിയ മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ചുമതലയില്‍ മറ്റാരെയെങ്കിലുമോ നിയമിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരമാകുകയുള്ളൂവെന്നും സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം, മറ്റൊരു മുഖ്യമന്ത്രിയെ നിയമിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നു തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. തിരുനാവുക്കരസര്‍, എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വകുപ്പുതല സെക്രട്ടറിമാര്‍, ഡിജിപി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണം സുഗമമായി മുന്നോട്ടുപോകുകയാണെന്നും തിരുനാവുക്കരസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























