ധോണിയുടെ ഭാര്യ സാക്ഷി കോടികളുടെ തട്ടിപ്പ് കേസില്‍ പ്രതി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ 'എം.എസ് ധോണി ദ അണ്‍റ്റോള്‍ഡ് സ്റ്റോറി' എന്ന സിനിമ നൂറ് കോടി ക്ലബില്‍ കടന്നുവെന്ന സന്തോഷവാര്‍ത്തയ്ക്ക് പിന്നാലെ ധോണിയെയും ഭാര്യയേയും ചുറ്റിപറ്റി വിവാദങ്ങള്‍ പുകയുന്നു. ധോണിയുടെ ഭാര്യ സാക്ഷിക്കെതിരെയുള്ള കോടികളുടെ തട്ടിപ്പു കേസാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തട്ടിപ്പു കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 420 അനുസരിച്ചാണ് സാക്ഷിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നുമായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സാക്ഷിക്കൊപ്പം ഗുഡ്ഗാവ് ആസ്ഥാനമായ റിഥി എം.എസ്.ഡി ആല്‍മോഡേ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറകടര്‍മാരായ അരുണ്‍ പാണ്ഡേ, ശുഭവാദി പാണ്ഡേ, പ്രതിമാ പാണ്ഡേ എന്നിവര്‍ക്കെതിരെയും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഈ കമ്പനി തങ്ങളുടെ ഷെയറുകള്‍ വാങ്ങിയതില്‍ കോടികള്‍ തിരിച്ചടക്കാനുണ്ടെന്ന് കാട്ടി ഡെന്നിസ് അറോറയെന്ന വ്യക്തിയാണ് പരാതി നല്‍കിയത്. തനിക്ക് ഒരു കമ്പനിയിലുണ്ടായിരുന്ന 69 ശതമാനം ഷെയറുകള്‍ വാങ്ങിയതില്‍ 11 കോടി രൂപ നല്‍കാനുണ്ടെന്നും എന്നാല്‍ ഇതുവരെയായി 2.25 കോടി രൂപ മാത്രമേ നല്‍കിയുള്ളൂ എന്നുമാണ് പരാതിക്കാരന്റെ ആരോപണം.
എന്നാല്‍ ഇത്തരത്തില്‍ ഷെയറുകള്‍ വാങ്ങിയിരുന്നുവെന്നും കരാറില്‍ പറഞ്ഞിരുന്നത് പോലെ മുഴുവന്‍ പണവും കൊടുത്തു തീര്‍ത്തുവെന്നുമാണ് റിഥി എം.എസ്.ഡി ആല്‍മോഡേ പ്രൈവറ്റ്ലിമിറ്റഡിന്റെ ഡയറക്ടറായ അരുണ്‍ പാണ്ഡേ വിശദീകരിക്കുന്നത്. മാത്രവുമല്ല സാക്ഷി കമ്പനിയില്‍ നിന്നും ഒരു വര്‍ഷം മുമ്പ് പിരിഞ്ഞു പോയതാണെന്നും ഇപ്പോള്‍ കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നു. എങ്ങനെയാണ് സാക്ഷിയുടെ പേര് ഇതില്‍ ഉള്‍പ്പെട്ടതെന്നതോര്‍ത്ത് തനിക്ക് അത്ഭുതമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























