ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രുക്കള്‍ രാജ്യത്തിന് അകത്തു തന്നെയാണുള്ളതെന്ന് ശിവശങ്കര്‍ മേനോന്‍

സ്വയം തിരിച്ചറിയൂ. ശത്രുക്കളെ പുറത്താക്കൂ. ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രുക്കള്‍ രാജ്യത്തിന് അകത്തു തന്നെയാണുള്ളതെന്ന് മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍. ശത്രു പാകിസ്താനോ ചൈനയോ അല്ല, വര്‍ഗീയ കലാപങ്ങളും ജാതിപ്പോരുമാണ്. ആദ്യകാലത്ത് വിദേശത്ത് നിന്നായിരുന്നു ഇന്ത്യയ്ക്ക് ഭീഷണി. പിന്നീടതു ചിലയിടങ്ങളിലെ ഭീകരപ്രവര്‍ത്തനവും ഇടതു തീവ്രവാദമായി. പക്ഷേ, ഈ നൂറ്റാണ്ടിന്റെ തുടക്കംമുതല്‍ ഇടതു തീവ്രവാദം ക്ഷയിച്ചുതുടങ്ങി. 2012നു ശേഷം മതതീവ്രവാദവും സാമൂഹികവിരുദ്ധ ശക്തികളുമാണു രാജ്യത്തു ശക്തിപ്രാപിച്ചുവരുന്നത്. ഇതിനെതിരെയാണ് ഭരണാധികാരികള്‍ കര്‍ക്കശ നടപടി എടുക്കേണ്ടതെന്നും ശിവശങ്കര്‍ മേനോന്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ ആസ്പദമാക്കി ശിവശങ്കര്‍ മേനോന്‍ രചിച്ച ചോയ്‌സസ്: ഇന്‍സൈഡ് ദ് മേക്കിങ് ഓഫ് ഇന്ത്യാസ് ഫോറിന്‍ പോളിസി എന്ന പുസ്തകം അടുത്തയാഴ്ച പ്രകാശനം ചെയ്യും. പാകിസ്താന്‍ സൈന്യത്തിലെ അച്ചടക്കം ശീലിക്കാത്ത ഒരുവിഭാഗം സൈനികരെയാണ് അണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഭയപ്പെടേണ്ടത്. ഇക്കാര്യത്തില്‍ ഭീകരസംഘടനകളെ അത്രതന്നെ ഭയപ്പെടേണ്ടതില്ലെന്നും പുതിയ കൃതിയില്‍ അദ്ദേഹം വിലയിരുത്തുന്നു. അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമായ അണ്വായുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധാരണ മട്ടിലുള്ള ഭീകരസംഘടകള്‍ക്കോ ഒറ്റപ്പെട്ട വ്യക്തികള്‍ക്കോ കഴിയില്ല. എന്നാല്‍, യുദ്ധഭൂമിയില്‍ ഉപയോഗിക്കാന്‍ പറ്റിയതരം അണ്വായുധങ്ങള്‍ വികസിപ്പിക്കാനുള്ള പാക്ക് തീരുമാനം ഭയത്തോടെ കാണണം. കാരണം, അവ പ്രയോഗിക്കാന്‍ ബ്രിഗേഡിയര്‍ തലത്തിലോ മറ്റോ അനുമതി നല്‍കേണ്ടിവരും. ഏതെങ്കിലും സൈനികനോ വൈമാനികനോ അനുമതിയോടെയോ അല്ലാതെയോ ഇതു പ്രയോഗിക്കാന്‍ തീരുമാനിച്ചാല്‍ ഫലം പ്രവചനാതീതമായിരിക്കും. ഇങ്ങനെ സംഭവിച്ചാല്‍ ആ രാജ്യത്തിന്റെ സമൂലനാശത്തിനു വഴിതെളിക്കുംവിധം പ്രത്യാക്രമണം നടത്താന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്നും ശിവശങ്കര്‍ മേനോന്‍ അഭിപ്രായപ്പെട്ടു.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കേ, മലയാളിയായ ശിവശങ്കര്‍ മേനോന്‍ നാലു വര്‍ഷക്കാലം ദേശീയസുരക്ഷാ ഉപദേഷ്ടാവായിരുന്നു. വിദേശകാര്യ സെക്രട്ടറി, ഇസ്രയേല്‍ അംബാസഡര്‍, ശ്രീലങ്ക, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ ഹൈക്കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha



























