ഷിതീഷ് നടന്നറിയുന്നു ഇന്ത്യയെ; പിന്നിട്ടത് ആറു സംസ്ഥാനങ്ങള്‍

ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌ക്കാരം,ഭാഷ,സമൂഹം എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് കാലിയായ പോക്കറ്റുമായി കാല്‍നടയായി സഞ്ചരിക്കുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഷിതീഷ് യാത്രിയെന്ന പത്തൊമ്പതുകാരന്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ആറു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഷിതീഷ് ഇടുക്കി ജില്ലയിലെ മലയോര മേഖലയിലും തന്റെ നടത്തം തുടരുകയാണ്.
യാത്ര ഏറെ പ്രിയപ്പെട്ട ഈ പത്തൊമ്പതുകാരന് തന്റെ രാജ്യത്തെക്കുറിച്ചും വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെയും അവരുടെ സംസ്‌ക്കാരവും അടുത്തറിയണമെന്ന ആഗ്രഹം മനസ്സില്‍ തോന്നിയെങ്കിലും യാത്രയ്ക്ക് പണം ഒരു പ്രശ്‌നമായി തീരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പണച്ചിലവില്ലാതെ രാജ്യത്താകമാനമായി ഒരു നടത്ത യാത്രയ്ക്ക് ഷിതീഷ് തയ്യാറെടുത്തത്. തുടര്‍ന്ന് ഉത്തര്‍ പ്രദേശിനടുത്തെ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി. പിന്നീടുള്ള യാത്രകള്‍ക്ക് വീട്ടുകാരും ഷിതീഷിന് വേണ്ട പ്രോത്സാഹനം നല്‍കി.
ഒരു സംസ്ഥാനത്തേക്ക് തന്റെ നടത്തം ആരംഭിക്കുമ്പോള്‍ പുറത്ത് തൂക്കുന്ന ബാഗില്‍ കൊള്ളുന്ന ടെന്റും അത്യാവശ്യ തുണികളും മാത്രമെടുക്കും. പിന്നീട് നടക്കുന്ന സമയത്ത് വഴിയില്‍ കാണുന്ന വാഹനങ്ങള്‍ക്ക് കൈനീട്ടി ലിഫ്റ്റ് ചോദിക്കും. വാഹനത്തില്‍ കയറ്റിയാല്‍ തന്റെ ലക്ഷ്യത്തെകുറിച്ച് ഇവരുമായി പങ്കുവയ്ക്കും. യാത്രയില്‍ കണ്ടുമുട്ടി അടുപ്പത്തിലാകുന്ന സുഹൃത്തുക്കള്‍ വാങ്ങിനല്‍കുന്ന ഭക്ഷണം കഴിക്കും. ഇവരുടെ വണ്ടിയില്‍ നിന്നും ഇറങ്ങിയാല്‍ വീണ്ടും നടത്തം. പിന്നെ അടുത്ത വാഹനം അങ്ങനെ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും. ഇങ്ങനെ കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് ഈ പത്തൊമ്പതുകാരന്‍ നടന്നു നീങ്ങിയത് ആറ് സംസ്ഥാനങ്ങളിലായി ആറായിരത്തോളം കിലോമീറ്ററാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിച്ച് ഹൈക്കറാണ് ഷിതീഷ്. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ ഷിതീഷ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്നെത്തിയപ്പോള്‍ ആദ്യം അറിയുവാന്‍ ആഗ്രഹിച്ചത് ഇടുക്കിയെകുറിച്ചാണ്. അനാഥരുടെ ആശ്രയ കേന്ദ്രമായ കരുണാഭവനെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ സന്ദര്‍ശനത്തിനായി ഷിതീഷ് കഴിഞ്ഞദിവസം കരുണാഭവനിലും എത്തി. ഭാഷ ഒരു പ്രശ്‌നമാണെങ്കിലും കൊച്ചുകുട്ടികളുമായി അല്‍പ്പനേരം കളിയും ചിരിയുമായി കൂടി. പിന്നെ കരുണാഭവനിലെ അമ്മമാരുടെ അടുത്തേയ്ക്ക്.
കുറച്ച് നേരം അവരോടൊപ്പം ചിലവഴിച്ചതിന് ശേഷം അമ്മമാരുടെ അനുഗ്രഹം വാങ്ങി വീണ്ടും വരാമെന്ന് ഉറപ്പ് നല്‍കി ഷിതീഷ് യാത്രതുടര്‍ന്നു. ഇനി ലക്ഷ്യസ്ഥാനമായ പാറശാലയിലേയ്ക്കാണ് യാത്ര.
https://www.facebook.com/Malayalivartha



























