സിമി പ്രവര്‍ത്തകരെ വെടിവച്ചുകൊന്ന സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ഭോപ്പാല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട സിമി പ്രവര്‍ത്തകരെ വെടിവച്ചുകൊന്ന സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേര്‍ഡ് ജസ്റ്റീസ് എസ്.കെ. പാണ്ഡെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
എട്ട് സിമി പ്രവര്‍ത്തകരെയും വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വധിച്ചതെന്ന ആക്ഷേപം നാനാതുറയില്‍നിന്ന് ഉയര്‍ന്നതോടെയാണ് ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സുരക്ഷാ ഭടനെ കഴുത്തറുത്ത് കൊന്നശേഷം ജയില്‍ ചാടിയ സിമി തീവ്രവാദികളെ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നു എന്നാണ് പോലീസ് പുറത്തുവിട്ട വിവരം.
വീണുകിടക്കുന്ന ഒരു സിമി പ്രവര്‍ത്തകന്റെ നേര്‍ക്ക് ജവാന്‍ വെടിയുതിര്‍ക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എട്ടിനെയും വെടിവച്ചുകൊല്ലാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha



























