കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയതിലുള്ള അസംതൃപ്തിയാണെന്നു സൂചന

കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി പ്രധാനമന്ത്രി നിഷേധിച്ചതിന് കാരണം നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള നീരസം. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയതിലുള്ള അസംതൃപ്തിയാണ് അനുമതി നിഷേധത്തിലൂടെ പ്രകടിപ്പിച്ചതെന്നാണ് സൂചന.കേരളത്തില്‍ സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്ന നടപടിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ചയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം പാസാക്കിയത്.
ഇത്തരത്തില്‍ ഒരു പ്രമേയം ഒരു സംസ്ഥാന നിയമസഭയ്ക്ക് പാസാക്കാനുള്ള അധികാരമില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ബുധനാഴ്ച ഉച്ചയ്ക്ക് കൂടിക്കാഴ്ചയ്‌ക്കെത്തിയ സംസ്ഥാന ബി.ജെ.പി. നേതാക്കളെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിതന്നെ സര്‍ക്കാരിന്റെ അഭിപ്രായം അറിയിച്ചിരുന്നു. കറന്‍സി കേന്ദ്ര വിഷയമാണ്. ആ നിലയ്ക്ക് കറന്‍സി വിഷയത്തില്‍ സംസ്ഥാന നിയമസഭയ്ക്ക് പ്രമേയം പാസാക്കാനുള്ള അധികാരമില്ല.
കേരളം ചെയ്തത് കേന്ദ്രത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്. ഫെഡറലിസത്തെയാണ് ഇതിലൂടെ തകര്‍ത്തിരിക്കുന്നതെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന്, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് കൂടിക്കാഴ്ച അനുമതി നിഷേധിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്.
അതേസമയം, കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ പിന്നീട് പ്രതികരിച്ചു. ഇത്തരം വിഷയങ്ങള്‍ സംസാരിക്കേണ്ടത് ധനമന്ത്രിയോടാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി ഒളിച്ചോടിയില്ല. എന്നാല്‍, ധനമന്ത്രിയോട് സംസാരിക്കാന്‍ ലഭിച്ച അവസരം മുഖ്യമന്ത്രിയും സംഘവും നഷ്ടപ്പെടുത്തി. കൂടിക്കാഴ്ച റദ്ദാക്കിയത് ദുരഭിമാനത്തിന്റെ പ്രശ്‌നമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























