പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ നോക്കിയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യയുടെ മുന്നറിയിപ്പ്

പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ നോക്കിയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് മിലിട്ടറി ഓപ്പറേഷന്‍(ഡി.ജി.എം.ഒ) ലഫ്.ജനറല്‍ എ.കെ.ഭട്ടാണ് പാകിസ്ഥാന്റെ ഡി.ജി.എം.ഒ മേജര്‍ ജനറല്‍ സഹീര്‍ ഷംസാദ് മിശ്രയോട് ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ട്‌ലൈന്‍ വഴിയായിരുന്നു ഇരുവരുടെയും സംഭാഷണം.
പാകിസ്ഥാനില്‍ നിന്നുണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രകോപനങ്ങള്‍ക്കും തിരിച്ചടി നല്‍കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്. ഭാവിയിലും ഇക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നും എ.കെ.ഭട്ട് വ്യക്തമാക്കി. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാറുണ്ടെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ തിരിച്ചടിക്കുക മാത്രമാണ് സൈന്യം ചെയ്തത്.
അതിര്‍ത്തിയിലെ സമാധാനം സംരക്ഷിക്കാന്‍ ഇന്ത്യന്‍ സേന എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. തികച്ചും പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സേന സാധാരണക്കാരെ ലക്ഷ്യം വയ്ക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, അതിര്‍ത്തിയില്‍ സാധാരണക്കാരെ ഉപയോഗിച്ച് പാകിസ്ഥാന്‍ ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരക്കാരാണ് തീവ്രവാദികള്‍ക്ക് വേണ്ട സഹായം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പും പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഡി.ജി.എം.ഒ രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























