ആക്രമിക്കപ്പെട്ട സ്വിസ് ദമ്പതികള്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ രണ്ട് ദിവസത്തെ സൗജന്യ താമസം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു

ഉത്തര്‍ പ്രദേശിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ ആക്രമിക്കപ്പെട്ട സ്വിസ് ദമ്പതിമാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്ത് വിനോദസഞ്ചാര വകുപ്പ്. ഇരുവര്‍ക്കും സൗജന്യ താമസം വാഗ്ദാനം ചെയ്തത് ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് .
അസുഖം ഭേദമായാല്‍ ഇരുവര്‍ക്കും ടൂറിസം വകുപ്പിന് കീഴിലുള്ള അശോക് ഹോട്ടലില്‍ രണ്ടു ദിവസത്തെ സൗജന്യ താമസമാണ് മന്ത്രി കത്തിലൂടെ ഉറപ്പുവരുത്തിയത്. ഏത് ദിവസമാണ് താമസിക്കേണ്ടതെന്ന് ഇരുവര്‍ക്കും തീരുമാനിക്കാം.
താമസവും ഭക്ഷണവുമുള്‍പ്പെടെ ഈ ദിവസങ്ങളിലെ ഇരുവരുടെയും ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കത്തിലുണ്ട്. രാഷ്ട്രപതി ഭവന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ ഒരു രാത്രി താമസിക്കുന്നതിന് 10,000 രൂപയാണ് ചെലവ്.
ആഗ്രയിലെ റെയില്‍വെ ട്രാക്കിലൂടെ നടന്നുപോകവെ ഈ മാസം ആദ്യവാരത്തിലാണ് സ്വിസ് ദമ്പതികളെ ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളും വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ പുരുഷന്റെ തലയോട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ദമ്പതികള്‍.
https://www.facebook.com/Malayalivartha


























