ഇനി ക്യാപ്റ്റനും കോച്ചിനും മാത്രമല്ല, മറ്റു താരങ്ങള്‍ക്കും ബിസിനസ് ക്ലാസ് യാത്ര

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇനി ബിസിനസ് ക്ലാസില്‍ പറക്കും. ഇന്ത്യയ്ക്കുള്ളില്‍ മല്‍സരങ്ങള്‍ക്കു പോകുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും വിമാനത്തില്‍ ബിസിനസ് ക്ലാസിലിരിക്കാന്‍ സൗകര്യമൊരുക്കണമെന്ന ബിസിസിഐ ശുപാര്‍ശ സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി അംഗീകരിച്ചു. ടീം ക്യാപ്റ്റന്‍, കോച്ച് എന്നിവര്‍ക്കാണ് ഇതുവരെ ബിസിനസ് ക്ലാസില്‍ യാത്ര അനുവദിച്ചിരുന്നത്. പുതിയ തീരുമാനം വന്നതോടെ, ആഭ്യന്തര യാത്രകളിലും ഇനി താരങ്ങള്‍ക്ക് ബിസിനസ് ക്ലാസ് സൗകര്യം പ്രയോജനപ്പെടുത്താനാകും.
തുടര്‍മല്‍സരങ്ങളുടെ ആധിക്യത്തിനിടയിലും താരതമ്യേന സൗകര്യം കുറഞ്ഞ ഇക്കോണമി ക്ലാസ്സിലെ യാത്രകള്‍ വലയ്ക്കുന്നതായി താരങ്ങളില്‍ ചിലര്‍ പരാതിപ്പെട്ടിരുന്നു. ഇക്കോണമി ക്ലാസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ആരാധകര്‍ സെല്‍ഫിയെടുക്കാനും മറ്റുമായി വന്ന് ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഒരു പരാതി. ഇതുമൂലം യാത്രാവേളകളില്‍ വിശ്രമിക്കാന്‍ സാധിക്കുന്നില്ലെന്നും താരങ്ങള്‍ ചൂണ്ടിക്കാട്ടി. താലതമ്യേന ലെഗ് സ്‌പേസ് കുറവാണെന്നതും ഇക്കണോമിക് ക്ലാസ് യാത്ര ക്രിക്കറ്റ് താരങ്ങള്‍ക്ക് അപ്രിയമാക്കി.
ന്യൂസീലന്‍ഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കു തുടക്കമാകാനിരിക്കെയാണ് താരങ്ങളുടെ യാത്രാ സൗകര്യം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമെത്തിയിരിക്കുന്നത്.
ടീം ഇന്ത്യയുടെ വിദേശ യാത്രകള്‍ക്കായി ബിസിസിഐ സ്വന്തമായി ഒരു വിമാനം വാങ്ങണമെന്ന ആവശ്യവുമായി ഇന്ത്യയ്ക്ക് ലോകകപ്പു നേടിത്തന്ന ക്യാപ്റ്റന്‍ കൂടിയായ കപില്‍ ദേവ് ഇടയ്ക്ക് രംഗത്തു വന്നിരുന്നു. വിദേശരാജ്യങ്ങളിലെ ചില താരങ്ങളെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും സ്വന്തമായി വിമാനം വാങ്ങുന്ന കാലമാണ് തന്റെ സ്വപ്നമെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കപില്‍ വ്യക്തമാക്കിയത്.
''ബിസിസിഐയ്ക്ക് ഇപ്പോള്‍ നല്ല രീതിയില്‍ വരുമാനമുണ്ടല്ലോ. അപ്പോള്‍ ഒരു സ്വകാര്യ വിമാനം വാങ്ങുന്നതില്‍ തെറ്റില്ല. കളിക്കാരുടെ സമയവും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന് ഇതു സഹായിക്കും. സാമ്പത്തികമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും കാര്യമായ ബാധ്യത ഇതുകൊണ്ട് ഉണ്ടാകില്ല. അഞ്ചു വര്‍ഷം മുന്‍പേ ബിസിസിഐ ഇതു ചെയ്യേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായമെന്ന് കപില്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഓരോരുത്തരും സ്വന്തമായി വിമാനം വാങ്ങുന്ന ദിവസങ്ങള്‍ വന്നുകാണാന്‍ തനിക്കു താല്‍പര്യമുണ്ടെന്നും കപില്‍ വ്യക്തമാക്കി. യുഎസില്‍ ഗോള്‍ഫ് താരങ്ങളില്‍ ചിലര്‍ സ്വന്തമായി വിമാനം ഉപയോഗിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ താരങ്ങള്‍ക്കും സ്വന്തമായി വിമാനം വാങ്ങാവുന്നതേയുള്ളൂ. അവരുടെ ഒട്ടേറെ സമയം ലാഭിക്കാന്‍ ഇതിലൂടെ കഴിയും കപില്‍ പറഞ്ഞു.
ബിസിസിഐ സ്വന്തമായി വിമാനം വാങ്ങിയാല്‍ അതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകുമെന്ന് കപില്‍ ചൂണ്ടിക്കാട്ടി. ഏകദേശം നൂറുപേരെ കയറ്റാവുന്ന ഒരു വിമാനത്തിന് (എയര്‍ബസ് എ318) ഏതാണ്ട് 500 കോടി രൂപയേ ചെലവാകൂ. ഇതിന്റെ പ്രവ!ര്‍ത്തനത്തിനായി കുറച്ചുകൂടി തുക ചെലവായാലും അതും ബിസിസിഐയ്ക്കു താങ്ങാവുന്നതേയുള്ളൂവെന്നും കപില്‍ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























