ഹാദിയയ്ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി; ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കുമെന്ന് സുപ്രീംകോടതി

ഹാദിയാ കേസില്‍ ഹാദിയയ്ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സേലത്തെ ഹോമിയോ കോളേജിലേക്ക് പോവാന്‍ സുപ്രീം കോടതി അനുമതി നല്‍കി. സേലത്തു ഹാദിയക്ക് ആവശ്യമെങ്കില്‍ തമിഴ്‌നാട് പോലീസ് സംരക്ഷണം നല്‍കണം. ഹാദിയക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ കോളേജ് ഡീന്‍ അക്കാര്യം സുപ്രീം കോടതിയെ അറിയിക്കണം.
രക്ഷിതാക്കള്‍ക്കൊപ്പം വൈക്കത്തെ വീട്ടിലേക്കു പോവാന്‍ ഹാദിയ വിസമ്മതിച്ച സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ നിന്നും നേരിട്ട് സേലത്തെ ശിവരാജ് ഹോമിയോ കോളേജിലേക്ക് പോവാന്‍ ഹാദിയക്ക് സുപ്രിം കോടതി അനുമതി നല്കിയത്. സേലത്ത് ഹോസ്റ്റലില്‍ താമസിച്ചു ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണം. ഹോസ്റ്റല്‍ വാര്‍ഡന്‍ മറ്റു കുട്ടികളെ പൊലെ തന്നെ ഹാദിയയെയും പരിഗണിക്കണം. ഹാദിയ ഹോസ്റ്റല്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അത് ഡീന്‍ വഴി കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയില്‍ സുപ്രീം കോടതി തല്‍ക്കാലം ഇടപെട്ടില്ല. ഇക്കാര്യം ജനുവരി മൂന്നാം വാരം പരിഗണിക്കും. ഹാദിയയെ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്തിട്ടുണ്ട് എന്നും അതിനാല്‍ ഹാദിയയുടെ വിവാഹ സമ്മതം കണക്കില്‍ എടുക്കരുത് എന്നും എന്‍ഐഎ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























