സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നൽകും; മാനുഷി ഛില്ലര്‍

17 വർഷങ്ങൾക്കുശേഷം ഇന്ത്യൻ മണ്ണിൽ കിരീടം കൊണ്ടുവന്ന ലോകസുന്ദരിപ്പട്ടം നേടിയ മനുഷി ഛില്ലര്‍ വെറുതെ ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. തന്റെ പ്രൊഫഷണല്‍ പശ്ചാത്തലം പരമാവധി പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് മാനുഷി. ആര്‍ത്തവശുചിത്വത്തെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാനാണ് മാനുഷിയുടെ ശ്രമം. സമൂഹത്തിന്റെ അന്ധവിശ്വാസം മാറ്റിയെടുക്കാന്‍ വിദ്യാഭ്യാസം കൊണ്ടുമാത്രം സാധിക്കില്ലെന്നും അതുകൊണ്ടുതന്നെ ബോധവല്‍ക്കരണപരിപാടികള്‍ അത്യാവശ്യമാണെന്നും മാനുഷി പറയുന്നു.
ആര്‍ത്തവകാല ശുചിത്വത്തെപ്പറ്റിയുള്ള പല പ്രാഥമിക കാര്യങ്ങളെക്കുറിച്ചു പോലും ജനങ്ങള്‍ അജ്ഞരാണ്. എന്റെ മെഡിക്കല്‍ പഠനത്തിനിടയ്ക്ക് മനസ്സിലാക്കിയ കാര്യമാണിത്. വിദ്യാഭ്യാസം കൊണ്ടുമാത്രം മാറ്റിയെടുക്കാന്‍ പറ്റുന്ന തെറ്റിദ്ധാരണകളല്ല അവയില്‍ പലതും. അതിന് ശരിയായ ബോധവല്‍ക്കരണം കൂടിയേ തീരൂ. സ്ത്രീകള്‍ക്ക് പിന്തുടരാന്‍ പറ്റുന്ന ഒരു ശാസ്ത്രീയ വ്യവസ്ഥ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായേ മതിയാവൂ- മാനുഷി പറഞ്ഞു. 'ബ്യൂട്ടി വിത്ത് എ പര്‍പ്പസ്' പ്രോജക്ടുമായി ബന്ധപ്പെട്ട് നാല് ഭൂഖണ്ഡങ്ങളില്‍ സന്ദര്‍ശനം നടത്താനൊരുങ്ങുകയാണ് മാനുഷി ഛില്ലര്‍. ലോകസുന്ദരി മത്സരത്തിലെ മറ്റ് മത്സരാര്‍ഥികളും മാനുഷിക്കൊപ്പമുണ്ടാവും. ആര്‍ത്തവശുചിത്വത്തെപ്പറ്റി ബോധവല്‍ക്കരണവുമായി നാല് ഭൂഖണ്ഡങ്ങളില്‍ യാത്ര ചെയ്യാനാവുമെന്നതില്‍ അതിയായ സന്തോഷവതിയാണ് മാനുഷി.
സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മാനുഷി പറഞ്ഞു. ആര്‍ത്തവം സ്വാഭാവിക ജൈവികപ്രകിയയും നാപ്കിനുകള്‍ അത്യാവശ്യവസ്തുവുമാണ്. അവ കുറഞ്ഞ ചെലവില്‍ ലഭ്യമാകേണ്ടത് തന്നെയാണ്. പ്രോജക്ടിന്റെ ഭാഗമായി നാപ്കിനുകള്‍ ചെലവ് കുറഞ്ഞ രീതിയില്‍ എങ്ങനെ നിര്‍മ്മിക്കാമെന്നതിനെക്കുറിച്ചും വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും മാനുഷി പറഞ്ഞു.
https://www.facebook.com/Malayalivartha



























