ഭാര്യയുടെ വഴിവിട്ട ബന്ധം കലാശിച്ചത് കൊലപാതകത്തിൽ; എന്നിട്ടും പക തീരതെ കാമുകന്റെയും ഭാര്യയുടെയും തലയും മുഖവും അടിച്ച് വികൃതമാക്കി ഭർത്താവ്

അവിഹിത ബന്ധത്തെ തുടർന്ന് ഭാര്യയെയും കാമുകനെയും മുളവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കള്ളമല ആദിവാസി ഊരിലെ നഞ്ചനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മല്ലിക (45), അയൽവാസി സുരേഷ് (50) എന്നിവരെയാണ് നഞ്ചൻ മൃഗീയമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മൃതദേഹങ്ങളുടെ തലയും മുഖവും അടിച്ച് വികൃതമാക്കിയ നിലയിലാണ്.
ഊരിലെ ആളൊഴിഞ്ഞ പ്രദേശമായതിനാൽ വിവരം തിങ്കളാഴ്ച പുറംലോകം അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാവിലെ കള്ളമല ജംഗ്ഷനിലെ ചായക്കടയിലെത്തിയ നഞ്ചൻ സുഹൃത്തുക്കളോട് വിവരം പറയുകയായിരുന്നു. ഇതറിഞ്ഞ് നാട്ടുകാർ നടത്തിയ പരിശോധനയിൽ ഊരിന് സമീപം നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ മൃതദേഹങ്ങൾ കണ്ടെത്തി. തുടർന്ന് നഞ്ചനെ തടഞ്ഞുവെച്ച് നാട്ടുകാർ പൊലീസിൽ വിവരമറിക്കുകയായിരുന്നു.
മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും ഗ്ളാസും അടിക്കാനുപയോഗിച്ച മുളവടിയും പൊലീസ് കണ്ടെടുത്തു. മരിച്ച സുരേഷ് കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ഇയാളുടെ കൂടെ സ്ഥിരം സഹായിക്കാൻ പോകുകയായിരുന്നു മല്ലിക. ഇവരുടെ ബന്ധത്തെ ചൊല്ലി നഞ്ചൻ ഭാര്യയുമായി നിത്യവും വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഗളി ഡിവൈ.എസ്.പി ടി.കെ.സുബ്രമണ്യൻ, മണ്ണാർക്കാട് സി.ഐ ഹിദായത്തുള്ള മാമ്പ്ര, പൊലീസുകാരായ സുബിൻ, സി.നൗഷാദ് എന്നിവർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് അയച്ചു. ബിനു, മിനി, അശ്വതി എന്നിവരാണ് മല്ലികയുടെ മക്കൾ. സുരേഷിന്റെ ഭാര്യ ഷൈനി: അനന്തു, ആതിര എന്നിവരാണ് മക്കൾ.
https://www.facebook.com/Malayalivartha



























