പ്രൊഫ. കെ.വി. തോമസ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനാകും

പാര്‍ലമെന്റിന്റെ സുപ്രധാനമായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായി മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ് എംപി നിയമിതനാകും. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു പുറമേ കോണ്‍ഗ്രസിനു ലഭിക്കുന്ന ധനകാര്യ, പ്രതിരോധ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനത്തേക്കു യഥാക്രമം മുന്‍ കേന്ദ്രമന്ത്രിമാരായ എം. വീരപ്പ മൊയ്‌ലിയും കമല്‍നാഥും നിയമിതനാകും.
ഡോ. മുരളി മനോഹര്‍ ജോഷി, സോമനാഥ് ചാറ്റര്‍ജി തുടങ്ങിയ പ്രഗത്ഭര്‍ അധ്യക്ഷന്മാരായിരുന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ തലപ്പത്തെത്തുന്ന ആദ്യ മലയാളിയാണു കെ.വി. തോമസ്. പ്രതിപക്ഷത്തിനു ലഭിക്കുന്ന ഏറ്റവും പ്രധാന പാര്‍ലമെന്ററി സമിതിയാണിത്. പിഎസി അധ്യക്ഷ സ്ഥാനത്തേക്കു നാമനിര്‍ദേശം നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ ഉച്ചയോടെ തോമസിനെ നേരിട്ടുവിളിച്ചു നിര്‍ദേശം നല്‍കി.
പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും രണ്ടു പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പദവിയും കോണ്‍ഗ്രസിനു നല്‍കിയതോടെ, ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പദവിയും പ്രതിപക്ഷ നേതൃപദവിയും കോണ്‍ഗ്രസിനു നല്‍കില്ലെന്ന സൂചനയാണു ശക്തമാകുന്നത്.
സാധാരണ ലോക്‌സഭയില്‍ നിന്നു 15 പേരും രാജ്യസഭയില്‍ നിന്നു ഏഴു പേരും അടക്കം 22 പേരാണു പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ അംഗങ്ങളാകുക. സാങ്കേതികമായി ഒരു വര്‍ഷത്തേക്കാണു സമിതിയുടെ കാലാവധിയെങ്കിലും ചെയര്‍മാന്‍ അഞ്ചു വര്‍ഷവും തുടരുകയാണു പതിവ്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് പരിശോധിക്കുകയാണു പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പ്രധാന ചുമതല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha