മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി... നവജാതശിശുവിന് സംസ്‌ക്കാര ചടങ്ങിനിടെ പുതുജീവന്‍

മരിച്ചെന്ന് വിധിയെഴുതിയ നവജാതശിശുവിന് സംസ്‌ക്കാരത്തിനിടെ പുതുജീവന്‍. സംസ്‌ക്കാരത്തിനായി ശ്മശാനത്തില്‍ എത്തിച്ചപ്പോളാണ് പെട്ടിയ്ക്കുള്ളില്‍ നിന്നും അനക്കം കണ്ടത്. മരിച്ചെന്ന് വിധിയെഴുതിയ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്കാണ് പുതുജീവന്‍ ലഭിച്ചത്. ഒരേ പ്രസവത്തില്‍ ജനിച്ച ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും മരിച്ചെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ക്ക് പ്ലാസ്റ്റിക് ബാഗുകളില്‍ കൈമാറുകയായിരുന്നു. പെണ്‍കുട്ടി പ്രസവ സമയത്ത് മരിക്കുകയും, ആണ്‍കുട്ടി പ്രസവത്തിന് ശേഷം ബേബി നഴ്‌സറിയില്‍ വച്ച് മരിക്കുകയുമായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഡല്‍ഹി ഷാലിമാറിനടുത്ത് മാക്‌സ് ആശുപത്രിയിലാണ് ഗുരുതര വീഴ്ചയ്ക്കിടയായ സംഭവം നടന്നത്.
കുട്ടികളില്‍ ഒരാള്‍ക്ക് ജീവനുള്ളതായി കണ്ടെത്തിയ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പ്രസവം എടുത്ത ഡോക്ടറുടെ അശ്രദ്ധയാണ് ഇതിന് കാരണമെന്നും, ഇയാളോട് അന്വേഷണവിധേയമായി അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























