മുഖ്യമന്ത്രിയെ കാണാനെത്തിയ പെൺകുട്ടിയെ വനിതാ പൊലീസുകാര്‍ വലിച്ചിഴച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം

രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് ഗുജറാത്തില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ ജവാന്റെ മകളെ വനിതാ പൊലീസുകാര്‍ വലിച്ചിഴച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയെ കാണാനെത്തിയ പെണ്‍കുട്ടിയ്ക്കാണ് ഇങ്ങനൊരു ദുരനുഭവം നേരിടേണ്ടി വന്നത്. രാജ്യത്തിനായി വീരമൃത്യു വരിച്ച അശോക് താദ്വിയുടെ മകളാണ് ഇരുപത്താറുകാരിയായ രൂപല്‍ താദ്വി.
പിതാവിന്റെ മരണത്തിനുശേഷം അര്‍ഹമായ ആനുകൂല്യങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ പെണ്‍കുട്ടി ശ്രമിച്ചത്.വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് രൂപാനി സംസാരിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ചാടി എഴുന്നേറ്റ രൂപല്‍ പരാതി പറയാന്‍ വേദിയിലേക്ക് ചെല്ലുകയായിരുന്നു.
മുഖ്യമന്ത്രിയെ കാഴ്ച്ചക്കാരനാക്കിയാണ് പെണ്‍കുട്ടിയെ സ്റ്റേജില്‍ വെച്ച് വനിതാ പൊലീസുകാര്‍ വലിച്ചിഴച്ചത്. പരിപാടിക്ക് ശേഷം നേരിട്ട് കാണാമെന്ന് രുപാനി പറഞ്ഞെങ്കിലും യാതൊരു കൂടിക്കാഴ്ച്ചയും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പിതാവിന്റെ മരണത്തിന് ശേഷം സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഇതുവരെയും കുടുംബത്തിന് ലഭിച്ചിട്ടില്ല. മുന്‍പും നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല. സംഭവത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. വീഡിയോ സഹിതം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുല്‍ പ്രതികരിച്ചത്.
വീരമൃത്യു വരിച്ച ഒരു ജവാന്റെ മകളെ വലിച്ചെറിയുക വഴി മനുഷ്യത്വത്തെ അപമാനിക്കുകയാണ് രൂപാനി ചെയ്തത്. നീതിക്ക് പകരം കഴിഞ്ഞ 15 വര്‍ഷമായി പൊള്ളയായ വാഗ്ദാനം മാത്രമാണ് കുടുംബത്തിന് ലഭിച്ചത്, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനം രൂക്ഷമായതോടെ വിശദീകരണവുമായി രൂപാനി രംഗത്തെത്തി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ജവാന്‍മാരുടെ പേരില്‍ കോണ്‍ഗ്രസ് തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു രുപാനിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha


























