കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി മുതിര്‍ന്ന നേതാക്കളുടെ വകയായും വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി 90 സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാനും വരണാധികാരിയുമായ മുല്ലപ്പള്ളി രാമചന്ദ്രനു മുമ്പാകെയാണ് രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് അതോറിറ്റി ആസ്ഥാനമായ 24അക്ബര്‍ റോഡില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പണം. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. എതിര്‍സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ ചൊവ്വാഴ്ച തന്നെ അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പു നടപടികള്‍ അവസാനിക്കും.
വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ മാത്രമാണ് തുടര്‍നടപടി. ഔപചാരികമായി രാഹുല്‍ ഗാന്ധി സ്ഥാനമേല്‍ക്കുന്നത് എ.ഐ.സി.സി സമ്മേളനത്തിലായിരിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, വിവിധ പി.സി.സി പ്രസിഡന്റുമാര്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എ.ഐ.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് ആസ്ഥാനത്ത് എത്തിയിരുന്നു. കേരളത്തില്‍നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ എന്നിവര്‍ ഞായറാഴ്ചതന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി വിട്ടു നിന്നു. എ.കെ ആന്റണിയും വി.എം. സുധീരനും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഡല്‍ഹിയിലെത്താനായില്ല. കേരളത്തില്‍നിന്ന് മുതിര്‍ന്ന നേതാക്കള്‍ ഒപ്പിട്ട മൂന്നു സെറ്റ് പത്രികകളാണ് രാഹുല്‍ ഗാന്ധിക്കുവേണ്ടി വരണാധികാരിക്ക് കൈമാറിയത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ 10 സജീവ പ്രവര്‍ത്തകരുടെ കൈയൊപ്പുള്ള നാമനിര്‍ദേശപത്രികയാണ് സമര്‍പ്പിക്കേണ്ടത്. 90 ഫോറങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലേക്കും മറ്റുമായി വരണാധികാരി വിതരണം ചെയ്തിരുന്നു. പ്രവര്‍ത്തകസമിതിയുടെ വകയായും മുതിര്‍ന്ന നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും വകയായും വെവ്വേറെ പത്രികകള്‍ രാഹുലിനുവേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























