പ്രകൃതി ദുരന്തങ്ങള്‍ മുന്‍കുട്ടി പ്രവചിക്കുന്നതിനുള്ള രാജ്യത്തിന്റെ സാങ്കേതിക വിദ്യ അത്ര മെച്ചപ്പെട്ടതല്ലെന്ന് പ്രതിരോധമന്ത്രി

ചുഴലി കൊടുങ്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കുട്ടി പ്രവചിക്കുന്നതിനുള്ള രാജ്യത്തിന്റെ സാങ്കേതിക വിദ്യ അത്ര മെച്ചപ്പെട്ടതല്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. അതു കൊണ്ടു തന്നെ മുന്നറിയിപ്പ് സംബന്ധിച്ച് തര്‍ക്കം വേണ്ടെന്നും അവര്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി. മുന്നറിയിപ്പ് വിവാദം വീണ്ടും കുത്തിപ്പൊക്കാന്‍ നോക്കിയ ചാനലുകള്‍ക്ക് ഇത് വലിയ തിരിച്ചടിയായി. നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലി കൊടുങ്കാറ്റ് ഈ ഭാഗത്ത് ഉണ്ടാകുന്നത്. ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നല്‍കേണ്ടത്. വളരെ നേരത്തെ മുന്നറിയിപ്പ് ലഭിച്ചാല്‍ നന്ന്. എന്നാല്‍ ഈ കാര്യത്തില്‍ സാങ്കേതിക വിദ്യ അത്ര മെച്ചപ്പെട്ടതല്ല. ഇതില്‍ ഒരു പാട് മുന്നോട്ട് പോകേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
ദുരിതം സംബന്ധിച്ച് മുഖ്യമന്ത്രി, നാവിക, വ്യോമ സേനാ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ന്യൂനമര്‍ദ്ദം സംബന്ധിച്ച മുന്നറിയിച്ച് നേരത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നു. ഇപ്പോള്‍ വിവാദങ്ങളല്ല ദുതിതാശ്വാസം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ശക്തമാക്കുകയുമാണ് വേണ്ടത്. മല്‍സ്യത്തൊഴിലാളികള്‍ തന്നെ കടലില്‍ തെരച്ചിലിന് പോകരുതെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അവര്‍ സമ്മതിച്ചു. അതേസമയം തെരച്ചിലിന് അവരെയും കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അനുമതി നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്ര , ഗോവ തീരത്ത് അണഞ്ഞ, കേരളത്തിലെ മല്‍സ്യത്തൊഴിലാളികളെ ഇവിടെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായും ഗോവമുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കേരളത്തില്‍ ഓഖി വിതച്ച നാശനഷ്ടങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെയും ഫിഷറീസ് മന്ത്രിയെയും നേരില്‍ കണ്ട് അറിയിക്കും. നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരഹാരം കേരള സര്‍ക്കാരിന് കേന്ദ്രത്തോട് ആവശ്യപ്പെടാം അതിനുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്നും നിര്‍മലാ സീതാരാമന്‍ ഉറപ്പുനല്‍കി.
https://www.facebook.com/Malayalivartha


























