ജീവനുള്ള നവജാതശിശുവിനെ മരിച്ചെന്നു പറഞ്ഞ് രക്ഷിതാക്കൾക്ക് കൈമാറിയ ഡോക്ടർമാരെ പുറത്താക്കി

ഡൽഹിയിലെ ഷാലിമാർ ബാഗ് മാക്സ് ആശുപത്രിയിൽ ജീവനുള്ള നവജാത ശിശുവിനെ മരിച്ചെന്നു പറഞ്ഞു രക്ഷിതാക്കൾക്ക് കൈമാറിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ പുറത്താക്കി. മാക്സ് ഹെൽത്ത് കെയറിലെ ഡോക്ടർമാരായ എ.പി മേത്ത, വിശാൽ ഗുപ്ത എന്നിവരെ പുറത്താക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മറ്റു വിദഗ്ധരും ചേർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണു നടപടി. സംഭവത്തിൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി വരെ എടുത്തേക്കുമെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര കുമാർ മുന്നറിയിപ്പു നൽകിയിരുന്നു. കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ജെ.പി നഡ്ഡയും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടി ഡൽഹി പോലീസ് ആശുപത്രിക്കു നോട്ടീസയച്ചിട്ടുണ്ട്. അന്വേഷണത്തിന് നേരിട്ടു ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. ആറ് മാസം ഗർഭിണിയായ ഭാര്യയുടെ ഭ്രൂണം നഴ്സറിയിൽ സൂക്ഷിക്കുന്നതിനും മറ്റുമായി ആശുപത്രി അധികൃതർ 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ഭർത്താവ് ആശിഷ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കുറ്റകരമായ നരഹത്യ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികൾ രണ്ടും മരിച്ചെന്ന് കണ്ടെത്തി പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബന്ധുക്കൾക്ക് നൽകിയിരുന്നു. കുട്ടികളുടെ ജഡം സംസ്കരിക്കാൻ തുടങ്ങുന്നതിന് മുൻപാണ് ഒന്നു മരിച്ചിട്ടില്ലെന്ന് ബന്ധുക്കൾ കണ്ടത്തിയത്.
ഗർഭസ്ഥ ശിശുക്കൾ അപകടനില തരണം ചെയ്യുന്നത് വരെ നഴ്സറിയിൽ സൂക്ഷിക്കുന്നതിന് 50 ലക്ഷം രൂപ വേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ആശിഷ് പരാതിയിൽ പറയുന്നു. കുഞ്ഞുങ്ങൾക്ക് മികച്ച ചികിത്സ നൽകുന്നതിൽ ആശുപത്രി പരാജയപ്പെട്ടു. ഒരു കുട്ടിക്ക് ജീവനുണ്ടായിരിക്കെ തന്നെ കുട്ടികൾ മരിച്ചതായി ആശുപത്രി അധികൃതർ വിധിയെഴുതുകയും പ്ളാസ്റ്റിക് കവറിലാക്കി കൈമാറുകയുമായിരുന്നു.
നവംബർ 30നായിരുന്നു സംഭവം നടന്നത്. മാസം തികയാതെ പിറന്ന ഇരട്ടക്കുട്ടികൾ രണ്ടും മരിച്ചെന്ന് മാക്സ് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ നാംഗ്ളോയ് സ്വദേശികളായ ദമ്പതികൾക്ക് സംശയമൊന്നും തോന്നിയില്ല.ബന്ധുക്കൾക്കൊപ്പം ശവസംസ്കാരത്തിന് ഒരുക്കം കൂട്ടുന്നതിനിടെ പ്ളാസ്റ്റിക് കവർ അനങ്ങുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് ഒരു കുട്ടിക്ക് ജീവനുള്ളതായി കണ്ടത്.
https://www.facebook.com/Malayalivartha


























