ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിനെതിരെ അയോധ്യാവിഷയം ആയുധമാക്കി മോദി

അയോധ്യാവിഷയം കോണ്‍ഗ്രസ്സിനെതിരെ ശകത്മായ പ്രചരണായുധമാക്കുകയാണ് ബിജെപി. അയോധ്യാകേസ് പരിഗണിക്കുന്നത് 2019 വരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്സിന് എന്തധികാരമെന്നായിരുന്നു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം.
2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അയോധ്യാവിഷയത്തില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകനും കോണ്‍ഗ്രസ്സ് നേതാവും എംപിയുമായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സുന്നി വഖഫ് ബോര്‍ഡിന് വേണ്ടിയാണ് കപില്‍ സിബല്‍ കോടതിയില്‍ ഹാജരായത്.
ഈ സംഭവത്തെ സൂചിപ്പിച്ചാണ് കോണ്‍ഗ്രസ്സിനെതിരെ മോദിയുടെ വിമര്‍ശം. കപില്‍ സിബല്‍ എന്തിനാണ് അയോധ്യയിലെ രാമമന്ദിരത്തെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്ന് മോദി ചോദിച്ചു. തിരഞ്ഞെടുപ്പുമായി അയോധ്യയെ ബന്ധിപ്പിച്ച് ആശങ്കാകുലരാകുന്ന കോണ്‍ഗ്രസ്സ് രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ചിന്തിക്കുന്നതേ ഇല്ലെന്നും മോദി കുറ്റപ്പെടുത്തി. രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ കോണ്‍ഗ്രസ്സ് നയം വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷായും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കപില്‍ സിബലിന്റെ ആവശ്യത്തെക്കുറിച്ചോ മോദിയുടെ പരാമര്‍ശങ്ങളെക്കുറിച്ചോ പ്രതികരിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിട്ടില്ല. മൗനം പാലിക്കുന്നതിലൂടെ കപില്‍ സിബലിന്റേത് കോണ്‍ഗ്രസ്സിന്റെ നിലപാടല്ലെന്ന് തെളിയിക്കാനാവുമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
https://www.facebook.com/Malayalivartha


























