ശവസംസ്‌ക്കാര ചടങ്ങിനിടെ ജീവനുണ്ടെന്ന് കണ്ടെത്തിയ പിഞ്ചുകുഞ്ഞ് വിധിയ്ക്ക് കീഴടങ്ങി

ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് ശവസംസ്‌ക്കാര ചടങ്ങിനിടെ ജീവനുണ്ടെന്ന് കണ്ടെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ കുഞ്ഞ് വിധിയുടെ മുന്നില്‍ തോറ്റു. പ്രസവിച്ച് ആറ് ദിവസത്തിന് ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ രണ്ടും മരിച്ചെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതര്‍ പ്‌ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കുട്ടികളുടെ ജഡം സംസ്‌കരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പാണ് ഒരു കുട്ടി മരിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ കണ്ടത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കുട്ടിയുടെ അമ്മ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ വാര്‍ത്ത പുറത്തുവന്നതോടെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നടപടിയെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും വ്യക്തമാക്കി. അബദ്ധം സമ്മതിച്ച ആശുപത്രി ഉത്തരവാദിയായ ഡോക്ടറോട് അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവിട്ടു.
അതേസമയം, ആറ് മാസം ഗര്‍ഭിണിയായ ഭാര്യയുടെ ഭ്രൂണം നഴ്‌സറിയില്‍ സൂക്ഷിക്കുന്നതിനും മറ്റുമായി ആശുപത്രി അധികൃതര്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഭര്‍ത്താവ് ആശിഷ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കുറ്റകരമായ നരഹത്യ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് രണ്ടാമത്തെ കുട്ടിയും മരിച്ചത്.
https://www.facebook.com/Malayalivartha


























