നഗരങ്ങളില്‍ ബി.ജെ.പി, ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ്, ജി.എസ്.ടിയും നോട്ട്‌നിരോധനവും ഭരണകക്ഷിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തല്‍

ബി.ജെ.പിയുടെ കോട്ടയായ ഗുജറാത്തില്‍ അവര്‍ അധികാരം നിലനിര്‍ത്തിയെങ്കിലും പാര്‍ട്ടിയില്‍ സാധാരണ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ അടിത്തറ ചെറുതായി ഇളകിത്തുടങ്ങിയതായി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അതേസമയം കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള മുന്നോക്കക്കാര്‍ ഇത്തവണ ബി.ജെ.പിയെ കൈവെടിഞ്ഞെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആഹഌദപ്രകടനം നടത്താന്‍ തുടങ്ങിയെങ്കിലും ലീഡ് പരുങ്ങലിലായതോടെ നേതാക്കള്‍ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. 120 സീറ്റാണ് പ്രതീക്ഷിച്ചതെങ്കിലും 110 സീറ്റ് കിട്ടുമെന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ അര മണിക്കൂര്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ ശരിക്കും ഞെട്ടിച്ചു.
ബി.ജെ.പിയുടെ കാവി കോട്ടയായിരുന്ന സൗരാഷ്ട്രയില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. നോട്ട്‌നിരോധനവും കര്‍ഷകപ്രശ്‌നങ്ങളും ഹാര്‍ദ്ദിക് പട്ടേലിന്റെ റാലികളും ഇവിടെ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ ബി.ജെ.പി വലിയ മുന്നേറ്റമാണ് ഇത്തവണയും നടത്തുന്നു. ഗ്രാമപ്രദേശങ്ങളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തുന്നു. അര്‍ദ്ധഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ചരക്ക് സേവന നികുതിയും നോട്ട് നിരോധനവും ഗുജറാത്തിലെ വ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. മോദി അധികാരത്തില്‍ തുടരുന്നത് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കരുതിയാണ് ഇവര്‍ ഒന്നടക്കം ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വൈകിയാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് എത്തിയത്. മൂന്ന് മാസം മുമ്പെങ്കിലും രാഹുല്‍ പ്രചരണം തുടങ്ങിയിരുന്നെങ്കില്‍ ഇതിലും വലിയ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. മുഖ്യമന്ത്രി വിജയ് രൂപാണിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്കും തെരഞ്ഞെടുപ്പില്‍ വലിയ റോളില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനനിമിഷം പാക്കിസ്ഥാനെ കോണ്‍ഗ്രസ് സഹായിക്കുന്നു, അവരെ ഉപയോഗിച്ച് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള വികാരപ്രകടനങ്ങള്‍ നടത്തിയത് കൊണ്ടാണ് ബി.ജെ.പിക്ക് നിലനിര്‍ത്താനായത്.
പട്ടേല്‍, ദളിത്, പിന്നാക്ക സമുദായങ്ങളെ കയ്യിലെടുത്ത് കോണ്‍ഗ്രസ് നടത്തിയ പോരാട്ടം അത്ര മെച്ചമായിരുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, പിന്നോക്ക നേതാവ് അല്‍പ്പേഷ് താക്കൂര്‍ എന്നിവരുമായി അവസാനനിമിഷം രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചകള്‍ ഒരുപരിധിവരെ ഫലം കണ്ടിട്ടുണ്ട്. ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിക്കെതിരെ നടത്തിയ റാലികളാണ് ഏറ്റവും വലിയ തിരിച്ചടിയായത്. എന്നാല്‍ പട്ടേല്‍ പ്രക്ഷോഭം തങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് വിജയം വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 61 സീറ്റാണ് ലഭിച്ചത്. ഇത്തവണയത് എണ്‍പത് കടക്കുമെന്നാണ് ലീഡ് സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























