കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് അറിയിപ്പ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് കൈമാറി. നിലവിലെ സ്ഥിതി കണക്കിലെടുത്ത് 3500 മെട്രിക് ടണ്‍ അരി കേന്ദ്രം നല്‍കും.
എന്നാല്‍, ഇത് കിലോക്ക് 22.54 രൂപ നിരക്കില്‍ വേണം കേരളം കൈപ്പറ്റാനെന്നും ചൊവ്വാഴ്ച നല്‍കിയ അറിയിപ്പില്‍ പറയുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രണ്ടരലക്ഷം മത്സ്യത്തൊഴിലാളികള്‍ക്കും ഒരുമാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് അധിക ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചത്.
എന്നാല്‍, മുന്‍ഗണന വിഭാഗത്തിനല്ലാതെ മറ്റൊരാള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രനിലപാട്. നിലവില്‍ കേന്ദ്രത്തില്‍നിന്ന് പ്രതിമാസം ലഭിച്ചുകൊണ്ടിരിക്കുന്ന 14.5 ലക്ഷം മെട്രിക് ടണ്ണില്‍നിന്നാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 15 കിലോ ഭക്ഷ്യധാന്യം ഒരുമാസത്തേക്ക് സൗജന്യമായി നല്‍കുന്നത്. കേന്ദ്രത്തിന്റെ അധികവിഹിതം ലഭിക്കുന്ന മുറക്ക് ഈ കുറവ് നികത്താമെന്നും ഭക്ഷ്യവകുപ്പ് പ്രതീക്ഷിച്ചു.ആ പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ മങ്ങലേറ്റത്. ഇളവ് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























