പൂനയില്‍ ഉരുള്‍പൊട്ടലില്‍ 27 പേര്‍ മരിച്ചു

മഹാരാഷ്‌ട്രയില്‍ പൂന ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 27 പേര്‍ മരിച്ചു. മണ്ണിനടിയിലായ വീടുകള്‍ക്കുള്ളില്‍ 159 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അംബേഗാവ് താലൂക്കിലെ മലയോര മേഖലയായ മാലിന്‍ഗാവ് ഗ്രാമത്തിലാണു ബുധനാഴ്‌ച വെളുപ്പിനു കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ചത്. ഇവിടത്തെ 44 വീടുകള്‍ പാറകളും മണ്ണും വീണു മൂടിയ നിലയിലാണ്. വലിയ മലയുടെ പ്രധാനഭാഗം വീടുകളുടെ മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടമുണ്ടാകുമ്പോള്‍ ഗ്രാമവാസികള്‍ ഉറക്കത്തിലായിരുന്നു. പൂനയില്‍നിന്ന് 120 അകലെയാണു മാലിന്‍ഗാവ്. അപകടവിവരമറിഞ്ഞു ദേശീയ ദുരന്ത നിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) 400 അംഗങ്ങള്‍ അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. 27 മൃതദേഹങ്ങള്‍ എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ പുറത്തെടുത്തു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയേറെയാണ്. സമീപപ്രദേശങ്ങളില്‍നിന്ന് 70 ആംബുലന്‍സുകളും ഡോക്ടര്‍മാരും ദുരന്തമേഖലയിലെത്തിയിരുന്നു. പരിക്കേറ്റ 14 പേരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മണ്ണു നീക്കംചെയ്യാന്‍ സമീപപ്രദേശത്തുനിന്ന് നിരവധി മണ്ണുമാന്തി യന്ത്രങ്ങളും സ്ഥലത്തെത്തിച്ചു. സമീപമുള്ള മഞ്ചാര്‍ താലൂക്ക് ആസ്ഥാനത്ത് അടിയന്തര കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്നു വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
https://www.facebook.com/Malayalivartha