ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെണ്ണല്‍ 24ന്, മത്സരരംഗത്ത് 59 സ്ഥാനാര്‍ത്ഥികള്‍

വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്‍തുടര്‍ന്ന ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലാണ് തെരഞ്ഞെടുപ്പ്. 59 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
ശക്തമായ സുരക്ഷ സംവിധാനത്തിന് കീഴിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനനും, ഡിഎംകെയുടെ മരുത് ഗണേശും സ്വതന്ത്രനായി രംഗത്തുള്ള അണ്ണാഡിഎംകെ വിമതപക്ഷത്തെ ടിടിവി ദിനകരനും തമ്മിലാണ് പ്രധാനമായും മത്സരം. 24നാണ് വോട്ടെണ്ണല്‍. തമിഴ് രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അവസാനനാളുകളിലെ ആശുപത്രി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എഐഎഡിഎംകെ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ പക്ഷനേതാവായ പിവി വെട്രിവേല്‍ ആണ് ജയലളിതയുടെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ജയയുടെ മരണത്തില്‍ ടിടിവി ദിനകരന്‍ പക്ഷത്തിന് പങ്കുള്ളതായി ആരോപിച്ച് ആര്‍കെ നഗറിലെ വോട്ടര്‍മാരെ ദിനകരനില്‍ നിന്ന് അകറ്റുകയായിരുന്നു എതിരാളികളുടെ തന്ത്രം. ഇതിനെ പ്രതിരോധിക്കാനാണ് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ശശികല ദിനകരന്‍ പക്ഷം ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
ഇരു കൂട്ടരെയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് തെഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്, എന്നാല്‍ പ്രചരണത്തിനിടെ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമം കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. ദിനകരന്‍ പക്ഷത്തെ നേതാക്കളില്‍ നിന്നാണ് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha
























