ടൂ ജി സ്പെക്ട്രം അഴിമതി കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം കോടതി റദ്ദാക്കി

ആഗോള തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ടൂ ജി സ്പെക്ട്രം അഴിമതി കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം പ്രത്യേക ജഡ്ജി ഒ.പി.സാഹ്നി റദ്ദാക്കി. കുറ്റം തെളിയിക്കാനായ വിശ്വാസയോഗ്യമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായില്ലെന്ന് കുറ്റപത്രം തള്ളിക്കൊണ്ട് കോടതി പറഞ്ഞു. മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജയും ഡിഎംകെ എം.പി കനിമൊഴിയും റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. വിധി കേള്‍ക്കാനായി രാജയും കനിമൊഴിയും കോടതിയിലെത്തിയിരുന്നു. കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.
അമേരിക്കയിലെ വാട്ടര്‍ഗേറ്റിന് ശേഷം ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്ന് ടൈം മാഗസിന്‍ ചൂണ്ടിക്കാട്ടിയ കേസിലാണ് സിബിഐ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. മുന്‍ യുപിഎ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, മകള്‍ കനിമൊഴി തുടങ്ങി ഉന്നതരാണ് വിചാരണ നേരിട്ടത്. റിലയന്‍സ് അടക്കം ടെലികോം കമ്പനികളും, കമ്പനി ഉദ്യോഗസ്ഥരും പ്രതിപട്ടികയിലുണ്ട്. 2011 നവംബര്‍ പതിനൊന്നിന് ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ പത്തൊന്‍പതിനാണ് അവസാനിച്ചത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണ് ഇന്ന് വിധി പറയാന്‍ തീരുമാനിച്ചത്.
ഒരുകോടി എഴുപത്തിയാറ് ലക്ഷം കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. എന്നാല്‍, നൂറ്റിയിരുപത്തിരണ്ട് ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ മുപ്പതിനായിരത്തി തൊളളായിരത്തി എണ്‍പത്തിയെട്ട് കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്.
കോടതിക്ക് പുറത്ത് ഡി.എം.കെ പ്രവർത്തകരും തടിച്ചു കൂടിയിരുന്നു. വിധി പറയുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. കോടതിക്കുള്ളിലും നിരവധി തിങ്ങിക്കൂടിയതോടെ മാദ്ധ്യമ പ്രവർത്തകരോട് പുറത്ത് പോവാൻ ജഡ്ജി നിർദ്ദേശിച്ചു. തുടർന്നാണ് വിധി പ്രസ്താവിച്ചത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും അതിനാൽ പ്രതികളെ വെറുതേ വിടുന്നുവെന്നുമാണ് ജഡ്ജി പറഞ്ഞത്.
https://www.facebook.com/Malayalivartha
























