ത്രിപുരയില്‍ 60 അംഗ നിയമസഭയിലേക്കുള്ള പോളിങ്ങ് തുടങ്ങി; 60 സീറ്റില്‍ 59 എണ്ണത്തിലാണ് വോട്ടെടുപ്പ്, 3214 പോളിങ് സ്‌റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്

ത്രിപുരയില്‍ 60 അംഗ നിയമസഭയിലേക്കുള്ള പോളിങ്ങ് തുടങ്ങി. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വാശിയേറിയ പോരാട്ടമാണ് ഇത്തവണ. ഇടതുപക്ഷത്തെ തകര്‍ത്ത് ഭരണം പിടിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഒത്താശയോടെ ബി.ജെ.പി കളത്തിലുള്ളതാണ് പോരാട്ടവീര്യം കൂട്ടിയത്. അവസാന നിമിഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു. 60 സീറ്റില്‍ 59 എണ്ണത്തിലാണ് വോട്ടെടുപ്പ്. 3214 പോളിങ് സ്‌റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ചറിലാം മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി രാമേന്ദ്ര നാരായണ്‍ ദേബ് വര്‍മയുടെ മരണത്തെത്തുടര്‍ന്ന് മാര്‍ച്ച് 12നാണ് വോട്ടെടുപ്പ്.
20 സീറ്റ് പട്ടികവര്‍ഗ സംവരണമാണ്. 307 സ്ഥാനാര്‍ഥികളാണ് രംഗത്ത്. സി.പി.എം 57 സീറ്റില്‍ മത്സരിക്കുമ്പോള്‍ ഘടകകക്ഷികളായ ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക്, സി.പി.ഐ എന്നിവയുടെ പോരാട്ടം ഒന്നുവീതം സീറ്റില്‍ ഒതുങ്ങി. ഗോത്രവര്‍ഗക്കാരുടെ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് ബി.ജെ.പി രംഗത്തിറങ്ങിയത്. ബി.ജെ.പി 51 സീറ്റിലും ഐ.പി.എഫ്.ടി ഒമ്പത് സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇത്തവണ ഒറ്റക്ക് മത്സരിക്കുന്ന കോണ്‍ഗ്രസിന് 59 സീറ്റിലും സ്ഥാനാര്‍ഥികളുണ്ട്.
എന്നാല്‍, ഗോമതി ജില്ലയിലെ കക്‌ബോന്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. 25,73,413 വോട്ടര്‍മാരുണ്ട്. വോട്ടെണ്ണല്‍ മേഘാലയ, നാഗാലാന്‍ഡ് എന്നിവക്കൊപ്പം മാര്‍ച്ച് മൂന്നിന്. അഞ്ചാംതവണ മുഖ്യമന്ത്രി പദത്തിലെത്താന്‍ ശ്രമിക്കുന്ന സി.പി.എം നേതാവ് മണിക് സര്‍ക്കാര്‍ 50ലേറെ റാലികളില്‍ പങ്കെടുത്തു. സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് തുടങ്ങിയവരും ഇടതുമുന്നണിക്കുവേണ്ടി പ്രചാരണം നടത്തി. രാഹുല്‍ ഗാന്ധി അഗര്‍തലയില്‍നിന്ന് 180 കി.മീറ്റര്‍ അകലെ കൈലാശഹറില്‍ നടന്ന റാലിയില്‍ പ്രസംഗിച്ചതാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ കാര്യമായ പ്രചാരണം.
https://www.facebook.com/Malayalivartha
























