'ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരുന്നതു വരെ, എന്റെ ഹിന്ദു സഹോദരങ്ങളെ, നിങ്ങള്‍ നിര്‍ത്തരുത്, കുട്ടികളെ ജനിപ്പിച്ചുകൊണ്ടിരിക്കണം' : ബി.ജെ.പി എം.എല്‍.എ വിക്രം സെയ്‌നിയുടെ പരാമർശം വിവാദത്തിൽ

ജനസംഖ്യ നിയന്ത്രണത്തിന് നിയമം വരുന്നത് വരെ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ വിക്രം സെയ്‌നി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ഖതൗലിയില്‍ നിന്നുള്ള പ്രതിനിധിയാണ് സെയ്‌നി. ജനസംഖ്യ നിയന്ത്രണ ബോധവത്കരണ പരിപാടിയിലാണ് എം.എല്‍.എയുടെ ഈ ആഹ്വാനം.
'ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരുന്നതു വരെ, എന്റെ ഹിന്ദു സഹോദരങ്ങളെ, നിങ്ങള്‍ നിര്‍ത്തരുത്, കുട്ടികളെ ജനിപ്പിച്ചുകൊണ്ടിരിക്കണം.' രണ്ടു കുട്ടികള്‍ മതിയെന്ന നയം ഹിന്ദുക്കള്‍ പാലിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ ഇത് പാലിക്കുന്നില്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണം. രാജ്യം എല്ലാവരുടേയുമാണ്. ഞങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ ആയപ്പോള്‍ ഭാര്യ പറഞ്ഞു മൂന്നാമതൊരാള്‍ വേണ്ടെന്ന്, എന്നാല്‍ നമുക്ക് നാലോ അഞ്ചോ പേര്‍ വേണമെന്നാണ് താന്‍ മറുപടി കൊടുത്തതെന്നും സെയ്‌നി കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല സെയ്‌നി വിവാദ പ്രസ്താവനയുമായി എത്തുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമായതിനാലാണ് ഹിന്ദുസ്ഥാന്‍ എന്നറിയപ്പെടുന്നതെന്നായിരുന്നു ജനുവരിയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം. ഇത് വിവാദമായതോടെ തന്റെ പരാമര്‍ശം പാകിസ്താനെതിരെയാണെന്നും മുസ്ലീമുകള്‍ക്ക് എതിരെ അല്ലെന്നും പറഞ്ഞ് തടിയൂരി. 2013ലെ മുസാഫര്‍നഗര്‍ കലാപകാലത്തും വിവാദ പരാമര്‍ശം നടത്തിയിരുന്നു. പശുക്കളോട് ആദരവില്ലാതെ പെരുമാറുകയും കൊല്ലുകയും ചെയ്യുന്നവരുടെ അവയവങ്ങള്‍ ഛേദിക്കുമെന്നായിരുന്നു അത്.
https://www.facebook.com/Malayalivartha
























