ശ്രീദേവിയുടെ മൃതദേഹം മണിക്കൂറുകള്‍ക്കകം മുംബയിലെത്തിക്കും; സംസ്‌കാരം നാളെ ജുഹു ബീച്ചിനടുത്തുള്ള ശ്മശാനത്തില്‍; ആരെങ്കിലും പരാതി നല്‍കിയാല്‍ കൂടുതല്‍ അന്വേഷണം

നടി ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബയിലെത്തിക്കും. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്നും അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്നുമുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവെച്ചു. എംബാം ചെയ്യുന്നതിനായി മൃതദേഹം കൊണ്ടുപോയി. അതിന് ശേഷം റിലയന്‍സിന്റെ പ്രത്യേക വിമാനത്തില്‍ മൃതദേഹം മുംബൈയില്‍ എത്തിക്കും. മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് ബോണി കപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുഗമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. സംഭവത്തില്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ബോണി കപൂറിനെ മൂന്ന് തവണ പൊലീസ് ചോദ്യം ചെയ്തു. റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ കഴിഞ്ഞ് ബോണിയും ഇളയമകളും ഇന്ത്യയിലേക്ക് മടങ്ങുകയും വീണ്ടും ദുബായിലേക്ക് തിരിച്ച് വരുകയും ചെയ്തത് എന്തിനാണെന്ന് പൊലീസ് ചോദിച്ച് മനസിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാന്‍ പൊലീസ് അനുവദിച്ചു. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി സഹോദരി ശ്രീലത പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. അതിന് ശേഷമേ ബോണിക്ക് ദുബയ് വിടാനാകൂ.
താരത്തിന്റെ വിയോഗമറിഞ്ഞ് രണ്ട് ദിവസമായി മുംബയിലെ വസതിയില്‍ സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും തിരക്കാണ്. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകനും നടനുമായ അര്‍ജുന്‍ കപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ മുംബയിലെ വസതിയിലെത്തി. അമൃത്സറിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചാണ് അര്‍ജുന്‍ മുംബയിലെത്തിയത്. ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വിയെ ഉള്‍പ്പെടെ അര്‍ജുന്‍ ആശ്വസിപ്പിച്ചു.
https://www.facebook.com/Malayalivartha

























