പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിൽ കൂടുതൽ അറസ്റ്റുകൾ : മലയാളി ഉള്‍പ്പെടെ നാല് പേര്‍ കൂടി സിബിഐ കസ്റ്റഡിയിൽ

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിൽ അറസ്റ്റിലായവരിൽ മലയാളിയും. ഗീതാഞ്ജലി കമ്പനി ഡയറക്ടര്‍ പാലക്കാട് അരിയത്ത് ശിവരാമനാണ് അറസ്റ്റിലായ മലയാളി. മലയാളി ഉള്‍പ്പെടെ നാല് പേര്‍ കൂടിയാണ് അറസ്റ്റിലായത്. നീരവ് മോദി ഗ്രൂപ്പിലെ ഒരു ഓഡിറ്റര്‍, രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തു.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡിഹൗസ് ശാഖയില്‍ 11334 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ എക്കാലത്തെയും വലിയ തട്ടിപ്പായാണ് ഇതിനെ വിലയിരുത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മാനേജറുള്‍പ്പെടെ പത്ത് ജീവനക്കാരെ നേരത്തെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. അനധികൃത ഇടപാടുകള്‍ക്കായി ശതകോടികള്‍ വിവിധ അക്കൗണ്ടികളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍.
രത്നവ്യാപാരിയായ നീരവ് മോദി, സഹോദരന്‍ നിരാല്‍ മോദി, ഭാര്യ അമി നീരവ് മോദി എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളുടെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയിരിക്കുന്നത്. ഈ പണം പിന്നീട് വിദേശത്ത് പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2011 മുതലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























