വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിടുന്ന വിരുതന്മാർക്ക് ഇനിമുതൽ പണികിട്ടും

വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിടുന്ന പ്രവണത ഇനിമുതൽ നടക്കില്ല. ബാങ്കില്‍ നിന്നും ഉയർന്ന തുക വായ്പയെടുക്കാന്‍ ഇനി മുതൽ പാസ്പോര്‍ട്ട് വിവരങ്ങള്‍ കൂടി നല്‍കേണ്ടി വരും. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിടുന്ന രീതി രാജ്യത്തിനുള്ളിൽ തുടർന്ന് വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിബന്ധന ഉള്‍പ്പെടുന്നതിനെ കുറിച്ചുള്ള നിര്‍ദേശം ബാങ്കുകള്‍ മുന്നോട്ടു വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി 50 കോടിയോ അതിനു മുകളിലോ വായ്പയെടുക്കുന്നവരില്‍ നിന്നും പാസ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടി ശേഖരിക്കണമെന്ന് ധനകാര്യ മന്ത്രാലയം പൊതുമേഖലാ ബാങ്കുകള്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കും. വജ്രവ്യാപാരി നീരവ് മോഡിയും , ബന്ധു മെഹുല്‍ ചോക്സിയും തട്ടിപ്പ് പുറത്തു വരും മുന്‍പേ നാടുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ഇന്റലിജന്‍സ് ഏജന്‍സികള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് ആവശ്യം വന്നാല്‍ ബാങ്കുകള്‍ക്ക് എളുപ്പത്തില്‍ വിവരം കൈമാറാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ഫ്യുജിറ്റേറ്റീവ് ഇക്കണോമിക്സ് ഒഫന്‍ഡേഴ്സ് ബില്ലില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























