കാര്‍ത്തി ചിദംബരത്തിന് താത്കാലിക ആശ്വാസം ;എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിന് ദില്ലി ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ

ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന് താത്കാലിക ആശ്വാസം. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ദില്ലി ഹൈക്കോടതി താത്കാലികമായി തടഞ്ഞു. മാര്‍ച്ച് 20 വരെയാണ് കാര്‍ത്തിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റിന്റെ സമണ്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രിം കോടതി ദില്ലി ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഹര്‍ജി മാര്‍ച്ച് 20 ന് കോടതി വീണ്ടും പരിഗണിക്കും.
സിബിഐയുടെ എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാരം ഇല്ലെന്ന് കാര്‍ത്തിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.
ഐഎന്‍എക്സ് മീഡിയ ഇടപാട് കേസില്‍ ഫെബ്രുവരി 28 നാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ സിബിഐ കസ്റ്റഡിയിലാണ് കാര്‍ത്തി. കഴിഞ്ഞ ദിവസം കാര്‍ത്തിയുടെ സിബിഐ കസ്റ്റഡി സുപ്രിം കോടതി മൂന്ന് ദിവസം നീട്ടിയിരുന്നു. അതേസമയം, കേസിലെ മറ്റൊരു പ്രതിയും കാര്‍ത്തിയുടെ അക്കൗണ്ടന്റുമായ ഭാസ്കരരാമന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി.
https://www.facebook.com/Malayalivartha

























