ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളുടെ വസ്ത്രധാരണത്തിനെതിരെ അല്‍ഫോന്‍സ് കണ്ണന്താനം ; ഇന്ത്യയില്‍ വരുമ്പോള്‍ ഇവിടത്തെ പാരമ്പര്യം മാനിക്കണം

ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളുടെ വസ്ത്രധാരണത്തിനെതിരെ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വിവാദ പരാമര്‍ശം. ലാറ്റിന്‍ അമേരിക്കയില്‍ ബിക്കിനി ധരിച്ച് പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണെന്നും ഇന്ത്യയില്‍ വരുമ്പോള്‍ ഇവിടത്തെ പാരമ്പര്യം മാനിക്കാന്‍ ബാധ്യതയുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി.
വിദേശ സഞ്ചാരികള്‍ അവരുടെ രാജ്യത്തുനിന്നും ബീഫ് കഴിക്കാമെന്നും അതിനുശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നുമുള്ള വിവാദ പ്രസ്ഥാവനക്ക് പിന്നാലെയാണ് ഈ പ്രസ്താവന. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ചാരികള്‍ ബിക്കിനി ധരിക്കുന്നതില്‍ കണ്ണന്താനം വിവാദ പ്രസ്താവന നടത്തിയത്. എന്നാൽ ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികള്‍ സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നത്. സ്വീകാര്യമായ വസ്ത്രം ധരിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും അല്‍ഫോന്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു
വിനോദ സഞ്ചാരികള്‍ക്ക് ഒരു രാജ്യതിന്റെ സംസ്കാരം മനസിലാക്കാനുള്ള വിവേകം വേണമെന്നും ആ സംസ്കാരം മനസിലാക്കി പെരുമാറണമെന്നുമല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഗോവയിലെ ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ ബിക്കിനി ധരിച്ചു പുറത്തിറങ്ങാറുണ്ട്. എന്നാല്‍ നഗരങ്ങളിലേക്ക് വരുമ്പോള്‍ ആ വേഷത്തില്‍ പുറത്തിറങ്ങരുത്. ലാറ്റിന്‍ അമേരിക്കയില്‍ ബിക്കിനി ധരിച്ചു പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ്. എന്നാല്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇവിടുത്തെ പാരമ്പര്യം മാനിക്കാന്‍ സന്ദര്‍ശകര്‍ക്ക് ബാധ്യതയുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























