ഇന്ന് 36 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്, മോഡി തരംഗത്തിന്റെ അലയൊലി ഇന്നറിയാം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 33 നിയമസഭാ മണ്ഡലങ്ങളിലും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. ഇത്രയധികം മണ്ഡലങ്ങളില്‍ ഒന്നിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മോഡി തരംഗത്തിന്റെ അലയൊലി കെട്ടടങ്ങിയോ എന്ന് ഇന്നത്തെ പോളിങിനു ശേഷം അറിയാം.
ഗുജറാത്തും ഉത്തര്‍പ്രദേശും അടക്കമുള്ള മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതും പ്രാധാന്യമുള്ളതാണ്. മോഡി രാജിവച്ച ഗുജറാത്തിലെ വഡോദര മണ്ഡലം, എസ്.പി അധ്യക്ഷന്‍ മുലായന്‍സിങ് യാദവിന്റെ തട്ടകം ഉത്തര്‍ പ്രദേശിലെ മെയ്ന്‍ പുരി, തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു രാജിവച്ച ആന്ധ്രപ്രദേശിലെ മേഡക് എന്നീ മണ്ഡലങ്ങളാണ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. ഇതില്‍ യുപിയും ഗുജറാത്തും രാഷ്ട്രീയ ഭാരതം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാണ്.
ഗുജറാത്തില്‍ ഒമ്പത്, യുപിയില്‍ 11, രാജസ്ഥാന്‍ നാല്, പശ്ചിമബംഗാള്‍ രണ്ട്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അഞ്ച്, ചത്തീസ്ഗഡ്, ആന്ധ്രപ്രേദശ് ഒന്നു വീതം എന്നിങ്ങനെയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 13 വര്‍ഷത്തിനിടെ ഇതാദ്യമായാണ് മോഡി പ്രചരണത്തിനില്ലാതെ ബിജെപി തെഞ്ഞെടുപ്പ് നേരിടുന്നത്. മോഡിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിയായ ആനന്ദിബെന്‍ പട്ടേല്‍ അടക്കമുള്ള നേതാക്കളുടെ ജനപ്രിയത എത്രയെന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം.
വഡോദരയില്‍ അഞ്ചു ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു മോഡിക്ക്. ഈ ഭൂരിപക്ഷം കുറഞ്ഞാലും പാര്‍ട്ടിക്ക് ക്ഷീണമാകും. ഉത്തര്‍ പ്രദേശിലാകട്ടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോഡീ തരംഗം നിലനില്‍ക്കുന്നുണ്ടെന്ന് ബിജെപിക്ക് തെളിയിക്കുകയും വേണം. ഇവിടെ ബിജെപിയുടെയും സഖ്യകക്ഷി അപ്‌നാദളിന്റെയും എംഎല്‍എമാര്‍ ലോക്‌സഭാ സീറ്റുകളില്‍ വിജയിച്ചതു വഴി സ്ഥാനം രാജിവച്ചതാണ് ഉപതെഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.അസംഗഡില്‍ വിജയിച്ച എസ്.പി അധ്യക്ഷന്‍ മുലായംസിങ് യാദവ് നിയമസഭാഗത്വം രാജി വച്ചതാണ് മെയ്ന്‍പുരിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മുലായത്തിന്റെ കുടുബാംഗം തേജ് പ്രതാപാണ് ഇവിടെ മത്സരിക്കുന്നത്.
https://www.facebook.com/Malayalivartha
























