പീഡനത്തിന് വേണ്ടി സർക്കാർ വാഹനമാണ് പ്രതി ഉപയോഗിച്ചത്; ഇരയായ സ്ത്രീ പരാതി നൽകിയിട്ടും പ്രതിയെ പിടിക്കാൻ പൊലീസ് ശ്രമിച്ചില്ല; മന്ത്രി ജോഷി അഗസ്ത്യന്റെ സ്റ്റാഫിലെ ഡ്രൈവർ തിരുവനന്തപുരം മ്യൂസിയത്തിൽ വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റി; കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

മന്ത്രി ജോഷി അഗസ്ത്യന്റെ സ്റ്റാഫിലെ ഡ്രൈവർ തിരുവനന്തപുരം മ്യൂസിയത്തിൽ വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രിക്കും സർക്കാരിനും ഈ സംഭവത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. പീഡനത്തിന് വേണ്ടി സർക്കാർ വാഹനമാണ് പ്രതി ഉപയോഗിച്ചത്.
ഇരയായ സ്ത്രീ പരാതി നൽകിയിട്ടും പ്രതിയെ പിടിക്കാൻ പൊലീസ് ശ്രമിച്ചില്ല. സംസ്ഥാനത്തെ മന്ത്രിമാരുടേയും ഔദ്യോഗിക സംവിധാനത്തിൻ്റെയും സ്റ്റാഫുകൾ പല കേസുകളിലും പ്രതികളാവുകയാണ്. കഴിഞ്ഞ സർക്കാരിലെ മന്ത്രിമാർ മൂന്നാറിലേക്ക് സ്ത്രീകളെ വിളിച്ചതും അപമര്യാദയായി പെരുമാറിയതും നമ്മൾ കണ്ടതാണ്.
പെൻഷൻ പ്രായം ഉയർത്തിയതിൽ നിന്നും സർക്കാർ പിന്മാറിയത് യുവജനരോഷം ഭയന്നാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് നിലനിൽക്കുന്നത്. തൊഴിലില്ലായ്മ കൂട്ടാനായിരുന്നു പിണറായിയുടെ ശ്രമം. എന്നാൽ കേന്ദ്രസർക്കാർ 75,000 പേർക്കാണ് കഴിഞ്ഞ ദിവസം ജോലി നൽകിയത്. 2024 ൽ 10 ലക്ഷം പേർക്ക് തൊഴിൽ നൽകും.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തിച്ചുയരുകയാണ്. വിപണിയിൽ ഇടപെടാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് ബിജെപി അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി. പൊതുവിതരണ സമ്പ്രദായം തകർന്നു. നെൽകർഷകരും മിൽ ഉടമകളുമായുള്ള പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച താങ്ങുവില സംസ്ഥാനം നടപ്പാക്കുന്നില്ല.
https://www.facebook.com/Malayalivartha