ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്; ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്; മജിസ്‌ട്രേറ്റ് കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനിയിലിരിക്കുന്ന കേസില്‍ അന്തിമ വിധിക്ക് കാത്തിരിക്കാതെ വീണ്ടും മന്ത്രിയാക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണ്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. അതേ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഒരു കോടതിയും അദ്ദേഹത്തെ കുറ്റവിമുക്തമാക്കിയിട്ടില്ല. മജിസ്‌ട്രേറ്റ് കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനിയിലിരിക്കുന്ന കേസില്‍ അന്തിമ വിധിക്ക് കാത്തിരിക്കാതെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇത് യു.ഡി.എഫ് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു
സജി ചെറിയാനെ മന്ത്രിയാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കുമെന്ന് പ്രതിപക്ഷം രണ്ട് ദിവസം മുന്‍പെ പറഞ്ഞതാണ്. സര്‍വകലാശാല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചാണ് നിയമവിരുദ്ധമായതെല്ലാം ചെയ്തത്. ഇടയ്ക്ക് ഇരുവരും പോരടിക്കുന്നത് പോലെ കാണിക്കും.
പക്ഷെ ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരുണ്ട്. കേരളത്തിലെ ബി.ജെ.പിയുടെ പ്രധാന നേതാക്കളാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാമെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ ഒഴിയരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ കത്തെഴുതിയ ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടു വന്നെന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
വിവാദങ്ങളിലൂടെ സംസ്ഥാനത്തെ യഥാര്‍ത്ഥ വിഷയങ്ങള്‍ മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമ്പത്തിക സ്ഥിതി അപകടകരമായ നിലയിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെ സാധാരണക്കാരെ സഹായിക്കേണ്ട പദ്ധതികളൊക്കെ മുടങ്ങി. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള സംഭരണം തകര്‍ന്നു. വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച് ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുകയാണ്.
2020 ഡിസംബറില്‍ യു.ഡി.എഫ് ഇറക്കിയ ധവളപത്രത്തിലെ മുന്നറിയിപ്പുകള്‍ ശരിയാണെന്ന് നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 1999-2000 കാലഘട്ടത്തിലുണ്ടായതിനേക്കാള്‍ ഗുരുതരമായ സമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ധനസ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ധനസ്ഥിതി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണ്. അപകടകരമായ ധനസ്ഥിതിയെ കുറിച്ച് ചര്‍ച്ച ചെയ്യാതെ വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ പോരെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു .
https://www.facebook.com/Malayalivartha