ധൈര്യമുണ്ടെങ്കിൽ സർക്കാർ ധവളപത്രമിറക്കണം, വെല്ലുവിളിച്ച് കെ.സുരേന്ദ്രൻ..വിരട്ടൽ ഒന്നും ജനങ്ങളോട് വേണ്ട..

സംസ്ഥാനം സാമ്പത്തികമായി തകർന്ന സാഹചര്യത്തിൽ ധവളപത്രമിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനജീവിതം ദുസഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണ്. ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും പാതയിലാണ് പിണറായി സർക്കാർ കേരളത്തെയും കൊണ്ടുപോകുന്നത്. ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ അടുത്ത മാസം ഒന്നാം തിയ്യതി വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കാനാണ് ശ്രമിക്കുന്നത്. സ്വജനപക്ഷപാതവും അഴിമതിയുമാണ് ഈ സർക്കാരിന്റെ കൈമുതൽ. കേരളത്തെ പിണറായി സർക്കാർ സമ്പൂർണമായ തകർച്ചയിലേക്ക് നയിക്കുകയാണ്. ലോട്ടറിയും മദ്യവുമല്ലാതെ സംസ്ഥാനത്തിന് മറ്റു വരുമാന മാർഗമില്ല. കേരളത്തിന്റെ താത്പര്യമല്ല മറിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനാണ് പിണറായി വിജയൻ കെവി തോമസിനെ ഡൽഹിയിൽ നിയമിക്കുന്നത്. പൊതുകടം നാല് ലക്ഷം കോടിയിലേക്ക് കുതിക്കുമ്പോൾ അനാവശ്യമായ ധൂർത്തിലൂടെ തലമറന്ന് എണ്ണതേക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.വൻകിട കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് പിണറായി സർക്കാരിന്റെ ഹോബിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്കും വൈദ്യുതിക്കും വെള്ളത്തിനും വില കൂട്ടി പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന സർക്കാർ സാമ്പത്തിക ക്രിമിനലുകളെ സംരക്ഷിക്കുകയാണ്.
സർക്കാരിന്റെ മൗനാനുവാദത്തോടെ ഒരു ഭാഗത്ത് നികുതിവെട്ടിപ്പുകൾ കേരളത്തിൽ പതിവായിരിക്കുകയാണ്. വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ ഇടപെടൽ നടത്തുന്നില്ല. കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില വർദ്ധിപ്പിക്കാൻ ഇടപെടുന്നില്ല.കേരളീയർ പട്ടിണിയിലാവാത്തത് മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം കേരളത്തിന് ലഭിച്ചത് ഈ കാലഘട്ടത്തിലാണ്. റവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ഏറ്റവും കൂടുതൽ കേരളത്തിന് ലഭിച്ചതും മോദി സർക്കാരിൻ്റെ കാലത്താണ്. 69,000 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം മോദി സർക്കാർ കേരളത്തിന് നൽകിയത്. കോൺഗ്രസ് ഭരണകാലത്ത് കേന്ദ്രം പ്രതിപക്ഷ സർക്കാരുകളോട് കാണിക്കുന്ന സമീപനമല്ല ബിജെപിക്കുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.കേരളം അതിരൂക്ഷമായ ധനപ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. മൊത്തം കടബാധ്യത നിലവിൽ 4 ലക്ഷം കോടിയാണ്. സംസ്ഥാന സർക്കാരിന്റെ ഗുരുതര ധനസ്ഥിതി സംബന്ധിച്ച് യു.ഡി.എഫ് തയാറാക്കിയ ധവളപത്രം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രകാശിപ്പിച്ചത്.രണ്ടാം പിണറായി സർക്കാർ കൂടുതൽ ഗുരുതരമായ ധനപ്രതിസന്ധിയിലേക്ക് കേരളത്തെ തള്ളിവിട്ടിരിക്കുകയാണെന്ന് വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കട്ടപ്പുറത്തെ കേരള സർക്കാർ എന്നപേരിലാണ് ധവളപത്രം പ്രസിദ്ധീകരിച്ചത്.സംസ്ഥാന സർക്കാരിന്റെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്‌നത്തിന്റെ കാരണമെന്നാണ് ധവളപത്രത്തിലെ കുറ്റപ്പെടുത്തൽ.
കടം കയറി കുളമായ സ്ഥിതിയിലാണ് കേരളം. ഇങ്ങനെ പോയാൽ ഭാവിയിൽ കടം വല്ലാതെ പെരുകും. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശതമാനത്തിൽ താഴെ നിൽക്കണം. 2027 ൽ ഇത് 38.2 ശതമാനം ആകുമെന്നാണ് ആർ.ബി.ഐ പ്രവചനം. പക്ഷേ ഇപ്പോൾ തന്നെ 39.1 ശതമാനമായി കഴിഞ്ഞെന്നാണ് ധവളപത്രത്തിലെ വിലയിരുത്തൽ.വലിയ സംസ്ഥാനങ്ങളെക്കാൾ അപകടകരമായ സ്ഥിതിയാണിത്. യു.ഡി.എഫിന്റെ കഴിഞ്ഞ ധവളപത്രത്തിൽ 2019 ൽ പ്രവചിച്ചത് പോലെ കിഫ്ബി ഇപ്പോൾ നിർജീവമായി. കിഫ്ബി പക്കൽ ഇപ്പോൾ 3419 കോടി മാത്രമാണ് ഉള്ളത്. ഇതുകൊണ്ട് എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുമെന്നാണ് ചോദ്യം. കേന്ദ്രത്തിന്റെ തെറ്റായ സമീപനം മൂലം 24000 കോടിയുടെ വരുമാനം നഷ്ടമായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രി പറയുന്നത്.എന്നാൽ പ്രധാന ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയെന്നാണ് യു.ഡി.എഫ് ധവളപത്രത്തിലെ വിമർശനം. ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണ്. ഒപ്പം ധൂർത്തും അഴിമതിയും വിലക്കയറ്റവും കാരണം കേരളം തകർന്നു. സർക്കാർ സാധാരണക്കാരെ മറന്ന് പ്രവർത്തിക്കുന്നത് കാരണം മുടങ്ങിയ പദ്ധതികളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങൾക്കും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha