ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കപടനാട്യത്തിന്റെ പിതാവാണെന്ന് കോണ്‍ഗ്രസ്. ബിബിസിയിലുള്ള തന്റെ വിശ്വാസം പ്രകടിപ്പിക്കുന്ന മോദിയുടെ പഴയ വീഡിയോ ചൂണ്ടിക്കാട്ടി, മോദിക്ക് ഇപ്പോള്‍ ബിബിസിയേക്കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാടില്‍ മാറ്റംവന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു. ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.

'2014-ന് മുന്‍പ് മോദി സ്ഥിരമായി ബിബിസിയേക്കുറിച്ച് പ്രസംഗിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ബിബിസി 20 വര്‍ഷം മുന്‍പത്തെ ചരിത്രം തോണ്ടി പുറത്തിട്ടപ്പോള്‍ എന്തുപറ്റി? എങ്ങനെയാണ് എല്ലാ കാര്യങ്ങളും വിദേശ ഗൂഢാലോചനയാകുന്നത്? ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളില്‍ നടത്തുന്ന റെയ്ഡുകളേക്കുറിച്ച് എന്താണ് പറയാനുള്ളത്? ആര്‍ക്കുവേണമെങ്കിലും ഇന്ത്യയ്ക്കെതിരേ ഗൂഢാലോചന നടത്താവുന്നത്ര ദുര്‍ബലമാണോ സര്‍ക്കാരിന്റെ വിദേശനയം? ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, എന്നാല്‍ മോദി കപടനാട്യത്തിന്റെ പിതാവാണ്' - പവന്‍ ഖേര ആരോപിച്ചു.
ദേശീയ ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകളുടെ പ്രത്യേക ക്രമം പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ഖേര ചൂണ്ടിക്കാട്ടി. ആദ്യം റെയ്ഡ് നടത്തുകയും പിന്നീട് മോദിയുടെ സുഹൃത്ത് ആ സ്ഥാപനം വാങ്ങുകയും ചെയ്യും- ഇതാണ് ആ ക്രമം. മാധ്യമസ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, തുറമുഖങ്ങള്‍, സിമന്റ് കമ്പനികള്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇത് കാണാം. ആദ്യം അന്വേഷണ ഏജന്‍സി വരും, പിന്നാലെ അദാനി വരും, പവന്‍ ഖേര ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ബിബിസിയില്‍ നടക്കുന്ന സര്‍വേയെ തുടര്‍ന്ന് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് എന്തുസംഭവിക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ചിലപ്പോള്‍ ആര്‍എസ്എസ് ശാഖകള്‍ പോലെ സിബിഐ, ഇഡി, ഐടി തുടങ്ങിയ ഏജന്‍സികള്‍ക്ക് മറ്റു രാജ്യങ്ങളിലും ശാഖകള്‍ ഉണ്ടാകുമായിരിക്കും. പ്രധാനമന്ത്രി ഈ രാജ്യത്തെ പരിഹസിക്കുകയാണ്. നമ്മുടെ രാജ്യം ഒരു ബനാന റിപ്പബ്ലിക് അല്ല, ഒരിക്കലും ആവുകയുമില്ല, അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി സംപ്രേഷണം ചെയ്ത 'ഇന്ത്യ: ദി നരേന്ദ്ര മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യമെന്ററി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പരിശോധന ബുധനാഴ്ച വൈകുന്നേരവും തുടരുകയാണ്. നടപടിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നടക്കം രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha