സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കണമെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു; ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണം; തുറന്നടിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കണമെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
ആത്മാഭിമാനമുണ്ടെങ്കില്‍ ശിവശങ്കറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെങ്കില്‍ എന്തിനാണ് ലൈഫ് മിഷന്‍ കോഴക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ ചെലവില്‍ എതിര്‍ത്തത്. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ പിതാവിന്റെ ആവശ്യത്തിന് എന്തിനാണ് സര്‍ക്കാര്‍ തടസം നില്‍ക്കുന്നതെന്നും അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ആരാണ് ക്വട്ടേഷന്‍ നല്കിയതെന്നു ഇപ്പോള്‍ വ്യക്തമായെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.സ്വപ്ന സുരേഷിന്റെയും ആകാശ് തില്ലങ്കേരിയുടെയും വെളിപ്പെടുത്തലുകളോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി യാത്ര നടത്തുന്നതെന്നും യാത്രയുടെ പേര് പിണറായി പ്രതിരോധ യാത്രയെന്നാക്കണമെന്നും ഹസന്‍ പരിഹസിച്ചു.
സംസ്ഥാനത്ത് ഉണ്ടായ ഭീമമായ നികുതി വര്‍ദ്ധനവിനെതിരെ ഭരണകക്ഷിയിലെ ആര്‍ക്കും മിണ്ടാട്ടമില്ല. സംസ്ഥാന സര്‍ക്കാരിന്റെ നികുതി വര്‍ദ്ധനവിന് എതിരെ യുഡിഎഫ് നടത്തിയ രാപ്പകല്‍ സമരം വിജയമായിരുന്നു എന്നും ഹസന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha