ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും: എല്ലാ മൊഴികളും തള്ളി ശിവശങ്കര്‍

ലൈഫ് മിഷന്‍ പദ്ധതിക്കായി കോഴ വാങ്ങിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ശിവശങ്കറിന്റെ ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ശിവശങ്കര്‍ ഇന്നലെ വേണുഗോപാലിന്റെ മൊഴി അടക്കം തള്ളിയിരുന്നു. എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സ്വപ്‌ന സുരേഷിന് ബാങ്ക് ലോക്കറിനായി ശുപാര്‍ശ ചെയ്തത് താനാണെന്ന് വേണുഗോപാല്‍ സമ്മതിച്ചിരുന്നു.
പക്ഷെ ഇതിനും തെളിവില്ലെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവശങ്കര്‍. ഇതോടെയാണ് വേണു ഗോപാലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ. ഡി തീരുമാനം. ഇ. ഡി കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ഇന്നലെ ആരോഗ്യ സംഘം പരിശോധിച്ചിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ശിവശങ്കറിനില്ല എന്നാണ് ലഭിക്കുന്ന വിവരം.
വാട്‌സ്ആപ് ചാറ്റുകള്‍ നിര്‍ണായക തെളിവാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതും. 2019 ജൂലൈ 31ന് സ്വപ്‌ന സുരേഷുമായി നടത്തിയ ചാറ്റില്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഒന്നിലും കാര്യമായി ഇടപെടാതെ മാറിനില്‍ക്കണമെന്നും ശിവശങ്കര്‍ സ്വപ്‌നയ്ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.
‘എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയിലിടു’മെന്നുമെന്നും ശിവശങ്കര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘എല്ലാം ശ്രദ്ധിച്ചുകൊള്ളാം, സരിത്തും ഖാലിദും കാര്യങ്ങള്‍ നോക്കും’ എന്ന് സ്വപ്ന മറുപടിയും നല്‍കുന്നുണ്ട്. ചാറ്റ് നടന്ന ജൂലൈ 31ന്റെ അടുത്ത ദിവസമാണ് യൂണിടാക് ഉടമയായ സന്തോഷ് ഈപ്പന്‍ മൂന്ന് കോടി എട്ട് ലക്ഷം രൂപയുമായി കവടയാറില്‍ സ്വപ്ന സുരേഷിനെ കാണാനെത്തിയത്. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി പറഞ്ഞതായും വാട്സ്ആപ് ചാറ്റില്‍ ശിവശങ്കര്‍ പറയുന്നുണ്ട്.
കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഇന്നലെ വേണുഗോപാലിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. പത്ത് മണിക്കൂറോളം ഇത് നീണ്ടിരുന്നു. ലോക്കറിൽ സൂക്ഷിക്കാനുള്ള പണവുമായി ശിവശങ്കർ തന്റെ വീട്ടിലെത്തിയെന്ന് വേണുഗോപാൽ വെളിപ്പെടുത്തിയത്. ലോക്കർ തുടങ്ങിയതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് ശിവശങ്കർ ആവർത്തിക്കുന്നതിനിടെയാണ് വേണുഗോപാൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി മൊഴി നൽകിയത്.
ഇതോടെ ശിവശങ്കർ കൂടുതൽ കുരുക്കിലായി. ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന ഇത് പിൻവലിച്ചു. പലപ്പോഴും കൂടുതൽ പണം കൊണ്ടുവച്ചു. അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ കുറച്ച് സ്വർണാഭരണങ്ങൾ ലോക്കറിലുണ്ടെന്നായിരുന്നു സ്വപ്ന പറഞ്ഞത്.കൂടുതൽ പണം ലോക്കറിലെത്തിയതോടെ, ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം ലോക്കറിന്റെ താക്കോൽ സ്വപ്‌നയിൽ നിന്ന് വാങ്ങിയെന്നും വേണുഗോപാൽ വെളിപ്പെടുത്തി. സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലുമായിരുന്നു ലോക്കറുകൾ.
ശിവശങ്കർ പറഞ്ഞതനുസരിച്ച് വേണുഗോപാലാണ് കോഴപ്പണം സൂക്ഷിക്കാൻ തന്‍റെയും വേണുഗോപാലിന്‍റെയും പേരിൽ സംയുക്ത ലോക്കർ തുറന്നതെന്നാണ് സ്വപ്നയുടെ മൊഴി. അക്കൗണ്ട് തുടങ്ങിയതിന് ശേഷം വേണുഗോപാൽ ശിവശങ്കറുമായി നടത്തിയ വാട്സ് ആപ് ചാറ്റ് ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ പണമിടപാട് സംസാരവുമുണ്ട്. എന്നാൽ ശിവശങ്കർ പറയുന്നത് ഒന്നും അറിയില്ലെന്നാണ്. ഇതാണ് ഇഡിയെ കുഴപ്പത്തിലാക്കുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി വീണ്ടും ചെയ്താൽ സത്യം പുറത്ത് വരുമെന്ന് ഇഡി കണക്ക് കൂട്ടുന്നു.
ചോദ്യം ചെയ്യലിന് മുന്നോടിയായി രാവിലെ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തെ ഇഡി ഓഫീസിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു. 2019 ആഗസ്റ്റ് 1 നാണ് യൂണിടാക് ഉടമ കോൺസുലേറ്റിൽ നിന്ന് ലഭിച്ച 7.5 കോടി രൂപയുടെ അഡ്വാൻസ് തുകയിൽ നിന്ന് മൂന്ന് കോടി 38 ലക്ഷം പിൻവലിക്കുന്നത്. പണം പിൻവലിച്ചതിന് പിറകെ തിരുവനന്തപുരം കവടിയാറിലേക്ക് എത്താൻ സ്വപ്ന സന്തോഷ് ഈപ്പനോട് പറഞ്ഞിരുന്നു.
ഈ ഇടപാടിന് ഒരു ദിവസം മുൻപ് ശിവശങ്കറും സ്വപ്നയും നടത്തിയ ചാറ്റും ശിവശങ്കറിന്‍റെ കോഴ ഇടപാടിലെ തെളിവുകളാണ്. എല്ലാം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. സ്വപ്ന നേരിട്ട് ഇടപെടേണ്ട, എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം നിന്‍റെ തലയിലാകും എന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. മുഖ്യമന്ത്രി സ്വപ്നയ്ക്ക് ജോലി ശരിയാക്കണമെന്ന് തന്നോട് പറഞ്ഞതായും ശിവശങ്കർ പറയുന്നുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഉദ്ദശിച്ചതെന്ന് ശിവശങ്കർ തിരുത്തി.
https://www.facebook.com/Malayalivartha