ഗവര്‍ണറെ സര്‍വ്വകലാശാല ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ല് തയ്യാറാക്കി അദ്ദേഹത്തിന് തന്നെ അയച്ചു കൊടുത്തിട്ട് ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്ന മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും. ലോകായുക്തയില്‍ മുഖ്യമന്ത്രിക്കെതിരെ നിലനില്ക്കുന്ന അഴിമതി കേസില്‍ നിന്നും രക്ഷപ്പെടാനായി ലോകായുക്തയുടെ അധികാരം വെട്ടികുറച്ച് അതും മുഖ്യമന്ത്രിയിലേയ്ക്ക് തന്നെ എത്തിക്കാനായി തയ്യാറാക്കിയ ബില്ല്... അങ്ങനെ എട്ടോളം ബില്ലുകളാണ് ഗവര്‍ണറുടെ പരിധിയില്‍ നില്ക്കുന്നത്.

കേരളത്തില്‍ എന്തൊക്കെയാണ് നടക്കുന്നത് കണ്ടെത്തുക ഏറെ ശ്രമകരമായ കാര്യമായി മാറിയിരിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയും കുറെ മന്ത്രിമാരും അവര്‍ക്കിഷ്ടമുള്ളതൊക്കെ ചെയ്തു കൂട്ടുന്നു. രാജ് ഭവനിലിരുന്ന ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ഗര്‍വ്വോടെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നു. ഇതിന് രണ്ടിനുമിടയില്‍പെട്ട ജനം എന്താണ് സംഭവിക്കുന്നതെന്നറിയാതെ നട്ടം തിരിയികയാണ്.
ഗവര്‍ണറെ സര്‍വ്വകലാശാല ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ല് തയ്യാറാക്കി അദ്ദേഹത്തിന് തന്നെ അയച്ചു കൊടുത്തിട്ട് ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്ന മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും. ലോകായുക്തയില്‍ മുഖ്യമന്ത്രിക്കെതിരെ നിലനില്ക്കുന്ന അഴിമതി കേസില്‍ നിന്നും രക്ഷപ്പെടാനായി ലോകായുക്തയുടെ അധികാരം വെട്ടികുറച്ച് അതും മുഖ്യമന്ത്രിയിലേയ്ക്ക് തന്നെ എത്തിക്കാനായി തയ്യാറാക്കിയ ബില്ല്... അങ്ങനെ എട്ടോളം ബില്ലുകളാണ് ഗവര്‍ണറുടെ പരിധിയില്‍ നില്ക്കുന്നത്. എന്നാല്‍ ഇവെയാന്നും ഗവര്‍ണര്‍ ഒപ്പിടുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ല.
നിയമസഭ പാസാക്കിയ ബില്ലുകള്‍ പലതും നിയമാനുസൃതമല്ലെന്നും അവയില്‍ മാരകമായ നിയകുരുക്കുകള്‍ ഒളിഞ്ഞിരിക്കുന്നെന്നുമാണ് ഗവര്‍ണര്‍ കണ്ടെത്തിയിരിക്കുന്നത്. ബില്ലുകള്‍ പാസാക്കണമെങ്കില്‍ മന്ത്രിമാര്‍ നേരിട്ട് രാജ് ഭവനിലെത്തി വിശദീകരണം നല്കണം. മന്ത്രിമാര്‍ നേരിട്ട് വകുപ്പ് സെക്രട്ടറി മാരുമായിട്ട് വന്ന് ചര്‍ച്ച നടത്തേണ്ടതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലിരുന്നിട്ട് ഏതെങ്കിലും പ്രൈവറ്റ് സെക്രട്ടറിയില്‍ കൊടുത്തു വിടുന്ന ബില്ലുകള്‍ ഒപ്പിടുന്ന മരപ്പാവയാണ് രാജ് ഭവനിലിരിക്കുന്നതെന്ന് ധരിച്ചെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നാണ് ഗവര്‍ണര്‍ പറയുന്നത്.
ബില്ലുകള്‍ പലതും അധികാര പരിധിയ്ക്ക് പുറത്താണ് പാസാക്കിയിരിക്കുന്നത്. നിയമാനുസൃതമായ നടപടിക്രമങ്ങളും പാലിച്ചിട്ടില്ല. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണം. എന്തിനാണ് മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത്. രാജ് ഭവനിലെത്തി ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിട്ടല്ല പോകുന്നതെന്നാണ് ഗവര്‍ണറുടെ പരാതി. വകുപ്പ് മന്ത്രിമാര്‍ ഗവര്‍ണറെ കാണാന്‍ സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള രാജ് ഭവനില്‍ വരില്ല.
പകരം ഗവര്‍ണര്‍ പോകുന്ന സ്ഥലങ്ങള്‍ അന്വേഷിച്ച് നടക്കുകയാണ്. ഇത് നല്ല കീഴ് വഴക്കമല്ല. എന്തായാലും ഗവര്‍ണര്‍ സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ്. നേരത്തെ ധനമന്ത്രി ബാലഗോപാലിനോടുള്ള അതൃപ്തി അദ്ദേഹം രേഖപ്പെടുത്തിയത് ഏറ് വിവാദമായിരുന്നു. എന്നാലിപ്പോള്‍ എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രിയോടുമുള്ള അതൃപ്തിയാണ് ഗവര്‍ണര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമാനുസൃതം ആണെന്ന് ഉറപ്പില്ലാത്തതിനാലും സംശയങ്ങള്‍ ഉള്ളതുകൊണ്ടുമാണ് അവയ്ക്ക് അംഗീകാരം നല്‍കാത്തതെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തയയ്ക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാര പരിധി കടന്നുള്ള ഇത്തരം ബില്ലുകളില്‍ ഒപ്പു വയ്ക്കാനുള്ള ബുദ്ധിമുട്ടും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ പാസാക്കിയ 8 ബില്ലുകള്‍ രാജ്ഭവനില്‍ ഗവര്‍ണറുടെ അനുമതി കാത്തു കിടപ്പുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുന്‍പ് ഗവര്‍ണര്‍ക്കു മുഖ്യമന്ത്രി കത്തയച്ചിരുന്നു. കേരളശ്രീ പുരസ്‌കാര സമര്‍പ്പണത്തിനു ഗവര്‍ണറെ ക്ഷണിക്കാന്‍ ബുധനാഴ്ച രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറി വി.പി.ജോയിയും ഇക്കാര്യം ചര്‍ച്ച ചെയ്തു. ബില്ലുകളുടെ കാര്യത്തില്‍ എന്താണ് വേണ്ടതെന്നു നേരത്തേ മുഖ്യമന്ത്രിയെ അറിയിച്ചതാണെന്നും ഇനി സര്‍ക്കാര്‍ ഭാഗത്തുനിന്നാണ് നടപടി വേണ്ടതെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു. ബില്ലുകള്‍ അയയ്ക്കുമ്പോള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ വിശദീകരിക്കണമെന്ന് നേരത്തേ രാജ്ഭവന്‍ വ്യക്തമാക്കിയിരുന്നു.
ചില മന്ത്രിമാര്‍ കൊച്ചിയിലും ഡല്‍ഹിയിലും വച്ചു തന്നെ കാണാന്‍ ശ്രമിച്ചതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്. ഗവര്‍ണറും മന്ത്രിമാരും തിരുവനന്തപുരത്ത് ആയതിനാല്‍ രാജ്ഭവനില്‍ വച്ച് കണ്ടു സംസാരിക്കുന്നതാണ് മര്യാദ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മാസത്തില്‍ ഒരിക്കലെങ്കിലും ഭരണ കാര്യങ്ങള്‍ സംബന്ധിച്ചു ഗവര്‍ണറെ കണ്ടു മുഖ്യമന്ത്രി സംസാരിക്കുന്നതാണ് നല്ല കീഴ്വഴക്കം എന്നും അത്തരം ആശയ വിനിമയം നടക്കുന്നില്ലെന്നും ഗവര്‍ണര്‍ക്ക് പരാതിയുണ്ട്.
പകരം ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി അയയ്ക്കുകയാണ്. ഭരണപരമായ കാര്യങ്ങള്‍ അറിയിക്കാന്‍ മന്ത്രിമാര്‍ തന്നെ കാണുന്നില്ല. തുടര്‍ച്ചയായി ആശയവിനിമയം ഉണ്ടാകാത്തതാണ് തെറ്റിദ്ധാരണകള്‍ക്കു കാരണം. മന്ത്രിമാര്‍ കാണാന്‍ എത്തിയാല്‍ത്തന്നെ വകുപ്പു സെക്രട്ടറിമാര്‍ക്കു പകരം പ്രൈവറ്റ് സെക്രട്ടറിമാരെ കൊണ്ടു വരുന്നതിലും ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്.
ഗവര്‍ണറുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ പരാതികള്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചു. രാജ്ഭവനില്‍ ഡപ്യുട്ടേഷനില്‍ എത്തിയവരുടെ നിയമന രേഖകളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതിനാല്‍ അവര്‍ക്കു മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന പ്രശ്‌നമാണ് ഗവര്‍ണര്‍ തിരികെ ശ്രദ്ധയില്‍പെടുത്തിയത്. ബുധനാഴ്ച ചെന്നൈയിലേക്കു പോയ ഗവര്‍ണര്‍ ഇനി 23നു രാത്രിയേ മടങ്ങി എത്തുകയുള്ളൂ.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താക്കുന്നതിനുള്ള 2 ബില്ലുകള്‍, ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍, സര്‍വകലാശാലാ വിസിമാരെ നിയമിക്കുന്ന സേര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാരിനു മുന്‍തൂക്കം ലഭിക്കുന്നതിനുള്ള ബില്‍, സര്‍വകലാശാലാ അപ്ലറ്റ് ട്രൈബ്യൂണല്‍ നിയമഭേദഗതി ബില്‍, മില്‍മയുടെ ഭരണം പിടിക്കുന്നതിനുള്ള സഹകരണ നിയമ ഭേദഗതി ബില്‍ തുടങ്ങിയവ ആണ് ഗവര്‍ണര്‍ ഒപ്പു വയ്ക്കാത്തിനാല്‍ രാജ്ഭവനില്‍ കെട്ടിക്കിടക്കുന്നത്.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് സജി ചെറിയാന്റെ മന്ത്രിസഭ പ്രവേശനത്തോടെ കുറച്ച് മയപ്പെട്ടതായിരുന്നു. അന്ന് മുഖ്യനും മന്ത്രിമാരും രാജ് ഭവനിലെത്തിയിരുന്നു. രാജ്ഭവനില്‍ മുഖ്യനും ഗവര്‍ണറും തമ്മില്‍ സൗഹൃദ സംഭാഷണവും നടത്തിയിരുന്നു. അതിന് ശേഷം ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത റിപ്പബ്ലിക് ദിനാഘോഷ വിരുന്നില്‍ മുഖ്യമന്ത്രിയും കുടുംബവും പങ്കെടുത്തിരുന്നു. വലിയ സന്തോഷത്തോടെയാണ് അന്ന് പിരിഞ്ഞതും. എന്നാല്‍ ബില്ലുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.
ഗവര്‍ണറെ വീണ്ടും മുഖ്യമന്ത്രി കാണുകയോ സംസാരിക്കുകയോ ചെയ്യുമെന്ന് ഗവര്‍ണറും ധരിച്ചിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല ഗവര്‍ണറോട് ബില്ലുകള്‍ ഒപ്പിടുന്ന കാര്യം മുഖ്യമന്ത്രി കത്തിലൂടെയാണ് അന്വേഷിച്ചതും. അതായത് ബില്ല് രാജ് ഭവനില്‍ അനിശ്ചിതമായി നീട്ടി കൊണ്ടു പോകുന്നതിനെതിരെ കോടതിയെ സമീപിക്കാനുള്ള തന്ത്രമായിരുന്നു അതിന് പിന്നിലെന്ന രാജ് ഭവന്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും കത്തെഴുതിയത്. ഇനി ബില്ലുകളുടെ കാര്യത്തില്‍ അടുത്തൊന്നും തീരുമാനമുണ്ടാകാനും സാധ്യതയില്ല.
ഒത്തു തീര്‍പ്പെന്ന നിലയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ് ഭവനില്‍ നേരിട്ടെത്ത വിവരങ്ങള്‍ ധരിപ്പിക്കണം, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കണം. വിശദീകരണ കുറിപ്പുകളും തിരുത്തലുകളും വേണ്ടി വന്നാല്‍ മന്ത്രിമാര്‍ അതിനും തയ്യാറാകണമെന്ന് അര്‍ത്ഥത്തിലാണ് ഗവര്‍ണറുടെ കത്തിന്റെ സൂചന.രാജ് ഭവന് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തിലുണ്ടാകുന്ന കാലതാമസം വളരെ കാലമായി ഉയരുന്ന പരാതിയാണ്.
റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി പതിനഞ്ച് ലക്ഷവും, രാജ്ഭവനില്‍ ദന്തല്‍ ഹോസ്പിറ്റലിനായി നാല്പത് ലക്ഷവും നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ പുതുതായി വരുത്തിയ തസ്തികകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ഗവര്‍ണര്‍ക്ക് ഇഷ്ടമുള്ളവരെ ഇഷ്ടമുള്ള പോസ്റ്റുകളില്‍ നിയമിക്കുന്നൂവെന്ന ആരോപണം നേരത്തെ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.
27 ന് സഭാ സമ്മേളനത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന് മുന്‍പ് ബില്ലുകള്‍ പാസാക്കി കിട്ടുകയോ തീരുമാനം എന്തെന്ന് അറിയുകയോ ചെയ്യാമെന്ന ധാരണയും സര്‍ക്കാരിന് പിഴച്ചു.
ഗവര്‍ണറെ മാറ്റി നിറുത്തി നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഓരോ ദിവസവും പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്. അതായത് സര്‍ക്കാര്‍ ഗവര്‍ണറെ എത്രത്തോളം അകറ്റി നിറുത്തുന്നുവോ അത്രത്തോളം അദ്ദേഹം സര്‍ക്കാരിനേയും വട്ടം ചുറ്റിച്ചു കൊണ്ടിരിക്കുകയാണ്. സര്‍വ്വകലാശാല വിഷയത്തിലും ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയി കൈ പൊള്ളിയ ഒന്നിലേറെ അവസ്ഥ സര്‍ക്കാരിനുണ്ടായതും അടുത്തിടെയാണ്.
സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും ഗവര്‍ണറെ തങ്ങള്‍ക്കൊപ്പം കൊണ്ടു വരാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇനി സംശയമാണ്. സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ പൂര്‍ണ്ണമായും യുജിസി ചട്ടങ്ങളെ മുറുകെ പിടിച്ചു മുന്നേറുന്നത്. സര്‍ക്കാരിന്റെ ഇഷ്ടക്കാരെ വിസിമാരായി കൊണ്ടുവരാതിരിക്കാനാണെന്നതാണ് വസ്തുത.
ലോകായുക്ത, മില്‍മ, സര്‍വ്വകലാശാല ബില്ലുകളില്‍ മന്ത്രിമാര്‍ നേരിട്ട് ചെന്ന വിശദീകരണ നല്കിയാലും ഗവര്‍ണര്‍ അംഗീകരിക്കാനിടയില്ല. അതില്‍ നിയമപരമല്ലാത്ത നിരവധി വിവരങ്ങളുണ്ടെന്നാണ് രാജ് ഭവന്‍ കണ്ടെത്തിയിരിക്കുന്നത്. മന്ത്രിമാര്‍ നേരിട്ട് ചര്‍ച്ച നടത്തിയാല്‍ ബില്ല് വീണ്ടും നിയമസഭയിലേയക്ക് അയയ്ക്കാം. പക്ഷേ അങ്ങനെ അയച്ചാന്‍ സര്‍ക്കാരും സിപിഎമ്മും ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ നടപ്പില്‍ വരുത്താന്‍ കഴിയാതെ പോകും. ശരിക്കും കടലിനും ചെകുത്താനും ഇടയില്‍പെട്ട അവസ്ഥയിലാണ് പിണറായി സര്‍ക്കാര്‍. ഇനി ഗവര്‍ണറെ മാറ്റാന്‍ മോദിയോട് അഭ്യര്‍ത്ഥിക്കാനേ പിണറായി വിജയന് കഴിയൂകയുള്ളൂ.
https://www.facebook.com/Malayalivartha